പാലാ: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് ക്രെയിനിലിടിച്ച് അപകട മുണ്ടാക്കിയിട്ടും പൊലീസ് ക്രെയിൻ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തതായി പരാതി. ഇത് സംബന്ധിച്ച് മേലുകാവ് പൊലീസിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതായി ക്രെയിൻ ഉടമ വിപിൻ ശശി, ക്രെയിൻ ഡ്രൈവർ വെള്ളികുളം വലിയമംഗലം മനോജ് സെബാസ്റ്റ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 19നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. മുട്ടം-ഈരാറ്റുപേട്ട റോഡിൽ ക്രെയിനുമായി വരുമ്പോൾ മേലുകാവ്-കാത്തിരംകവല ഭാഗത്തുവെച്ച് അമിതവേഗത്തിലും അശ്രദ്ധമായും വരുന്നതുകണ്ട് നിർത്തിയിട്ട ക്രെയിനിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മനോജ് തൊടുപുഴ ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുത്തതെന്നും മനോജിന്റെ പരാതിയിൽ പറയുന്നു. അതേസമയം, മേലുകാവ് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലും നിയന്ത്രണം നഷ്ടമായ ബസ് ക്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നുവെന്ന് പറയുന്നുണ്ട്.
സംഭവത്തിന് ദൃക്സാക്ഷികളായവരോട് പൊലീസ് മൊഴിയെടുത്തെങ്കിലും പിന്നീട് മറ്റൊരാളെ സാക്ഷിയാക്കുകയായിരുന്നുവെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയ ദൃക്സാക്ഷി ജോസഫ് മാത്യു പറഞ്ഞു.
അപകടത്തിനിടയാക്കിയ ബസ് മേലുകാവ് പൊലീസ് സ്റ്റേഷന് സമീപം അലക്ഷ്യമായി പാർക്ക് ചെയ്തതിനെ തുടർന്നു ബസിൽ കാർ പാഞ്ഞുകയറി അപകടം ഉണ്ടാകുകയും ചെയ്തതായി പരാതിക്കാർ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. അപ്പുക്കുട്ടൻ, പി.ജെ. ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.