കോട്ടയം: രണ്ടു വർഷംകൊണ്ട് ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് കൈമാറിയത് 3228 വീട്. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഇതുവരെ 12,638 വീടാണ് ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചത്.ഇതിൽ ലൈഫ് പദ്ധതിയിൽ 7983 വീടും പി.എം.എ.വൈ (യു)-2282, പി.എം.എ.വൈ (ജി)-829, എസ്.സി- 1289, എസ്.ടി- 61, ഫിഷറീസ്-107, മൈനോറിറ്റി- 87 എന്നിവയും ഉൾപ്പെടുന്നു.
വിജയപുരം ഗ്രാമപഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ നിർമാണം പൂർത്തിയാക്കിയ 44 യൂനിറ്റുള്ള ഭവനസമുച്ചയം ഏപ്രിലിൽ ഗുണഭോക്താക്കൾക്ക് കൈമാറും. 6.40 കോടി രൂപ ചെലവിലാണ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.രണ്ട് മുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ലാറ്റുകൾ. ഇവിടെ 42 കുടുംബത്തിന് താമസ സൗകര്യമൊരുക്കും. അമെനിറ്റികൾക്കായി രണ്ട് യൂനിറ്റ് ഉപയോഗപ്പെടുത്തും. അതിദരിദ്ര്യ നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭൂരഹിത/ ഭവനരഹിതരായ 206 കുടുംബങ്ങളിൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭവനരഹിതരായ 40 പേരുമായി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.
ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ഭൂമി കണ്ടെത്താൻ ‘മനസ്സോടെ ഇത്തിരി മണ്ണ്’ കാമ്പയിനിലൂടെ 110 സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചു.വെള്ളൂർ ഗ്രാമപഞ്ചായത്തിൽ 100 സെന്റ് സ്ഥലവും കോട്ടയം നഗരസഭക്ക് 10 സെന്റ് സ്ഥലവും ലൈഫ് മിഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.