ഏറ്റുമാനൂർ: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് അര കോടി രൂപ മുടക്കി സ്ഥാപിച്ച കാമറകളിൽ ഭൂരിപക്ഷവും കണ്ണടച്ചു. മതിയായ പരിപാലന പണികൾ നടത്താതിരുന്നതിനാലാണ് കാമറകൾ കേടായത്. ടൗണിലും പരിസരങ്ങളിലുമായി 44 കാമറയാണ് 2023ൽ സ്ഥാപിച്ചത്.
പട്ടിത്താനം ജങ്ഷൻ, തവളക്കുഴി, പടിഞ്ഞാറേ നട, ക്ഷേത്ര പരിസരം, സെൻട്രൽ ജങ്ഷൻ, കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസ് സ്റ്റാൻഡുകൾ, ടൗണിലെ തിരക്കേറിയ മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിച്ചത്.
എന്നാൽ, കാമറകൾക്ക് സമയാസമയം വേണ്ട പരിശോധനയോ അറ്റകുറ്റപ്പണിയോ നടത്തിയില്ല. 44 കാമറകളിൽ 38 എണ്ണവും അധികൃതരുടെ ഗുരുതര അനാസ്ഥ മൂലം പ്രവർത്തനരഹിതമാണ്. അതത് സമയത്ത് ഒന്നോ രണ്ടോ ലക്ഷം രൂപ മുടക്കിയാൽ കാമറകളെല്ലാം നന്നാക്കാമായിരുന്നു. എന്നാൽ, ഇപ്പോൾ ലക്ഷങ്ങൾ മുടക്കി പുതിയ കാമറ സ്ഥാപിക്കേണ്ട അവസ്ഥയാണ്. അതിരമ്പുഴ സെൻട്രൽ ജങ്ഷനിൽ നടന്ന മോഷണം, ക്ഷേത്ര മൈതാനത്തെയും കാറിനുള്ളിലെയും സ്വർണ കവർച്ച എന്നിവയിൽ പ്രതികൾ പിടിയിലായത് നിരീക്ഷണ കാമറ ദൃശ്യങ്ങളിലൂടെയാണ്. മറ്റു പല കേസുകൾക്കും തുമ്പ് ഉണ്ടാക്കാൻ ഈ കാമറകൾ ഉപകരിച്ചിരുന്നു.
എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് എല്ലാ കാമറയും തകരാറുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ അധികാരികൾക്കും നിവേദനം നൽകുമെന്ന് ജനകീയ വികസന സമിതി പ്രസിഡന്‍റ് ബി. രാജീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.