യു​വാ​ക്ക​ള്‍ക്ക് ക്രൂ​ര​മ​ർ​ദ​നം; നാ​ലു​പേ​ര്‍ക്കെ​തി​രെ കേ​സ്

പാലാ: നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടു യുവാക്കളെ ഇരുമ്പുകമ്പിയടക്കമുള്ള മാരകായുധങ്ങളുമായി വളഞ്ഞിട്ട് ഒരു സംഘം ആക്രമിച്ചു. ആക്രമി സംഘത്തിലെ രണ്ടു പേരെ പാലാ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്തുരുത്തിയില്‍നിന്നും പിടികൂടി. ആല്‍വിന്‍ ജോസഫ്, അനന്തു, സണ്ണിച്ചന്‍ എന്നിവര്‍ക്കാണ് അക്രമിസംഘത്തിന്റെ പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അക്രമസംഭവം അരങ്ങേറിയത്. എട്ടോളം പേരടങ്ങുന്ന സംഘം വഴിതടഞ്ഞുനിര്‍ത്തി യുവാക്കളെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. ഇരുമ്പുകമ്പികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ മൂന്ന് യുവാക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലക്ക് എട്ട് തുന്നലുകളുണ്ട്. മറ്റൊരാളുടെ കണ്ണിനും മുഖത്തും ക്രൂരമായ അടിയേറ്റ് സാരമായ ക്ഷതമേറ്റിട്ടുണ്ട്.

യുവാക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികള്‍ക്കെതിരെ വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, അന്യായമായി സംഘംചേരല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കിയ പൊലീസ് രണ്ടുപേരെ പിടികൂടി. ഇവര്‍ റിമാന്റിലാണ്.

എഴാച്ചേരി സ്വദേശി ജിഷ്ണു പി. നായര്‍, മേലുകാവ് സ്വദേശി വാവച്ചന്‍ എന്നിവരാണ് റിമാന്റിലായത്. മറ്റു പ്രതികളായി പാലാ ഞൊണ്ടിമക്കല്‍ കവല തൈമുറിയില്‍ ജിന്‍സ് വില്‍സണ്‍, എടപ്പാടി സ്വദേശി ലിബിന്‍ എന്ന ആന്റോച്ചന്‍ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് നാലു പേരെയും പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരുകയാണെന്ന് പാലാ സി.ഐ എം.ഡി. അഭിലാഷ് പറഞ്ഞു.

Tags:    
News Summary - Two Arrested In Pala Group Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.