തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തൃക്കൊടിത്താനത്ത് മഞ്ജുവിന്‍റെ അട്ടിമറി, പാമ്പാടിയിൽ സണ്ണി; മീനടത്ത് പ്രീത
കോട്ടയം: യു.ഡി.എഫ് സിറ്റിങ് സീറ്റുകളായ തൃക്കൊടിത്താനം ജില്ല ഡിവിഷനും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡും ഉൾപ്പെടെ രണ്ടിടത്ത് തിളക്കമാർന്ന വിജയമാണ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയത്. മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡിൽ സീറ്റ് നിലനിർത്തിയതാണ് യു.ഡി.എഫിന് ഏക ആശ്വാസം. പോൾ ചെയ്ത 34,413 വോട്ടിൽ സി.പി.എമ്മിലെ മഞ്ജു സുജിത്ത് 16,280 വോട്ടും കേരള കോൺഗ്രസിലെ വിജയ് ജോസ് മാരേട്ട് 14,140 വോട്ടും നേടി. 2140 വോട്ടാണ് മഞ്ജുവിന്‍റെ ഭൂരിപക്ഷം. ബി.ജെ.പിയുടെ എ. മനോജ് 3993 വോട്ടും പിടിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടതുകോട്ടയായ തൃക്കൊടിത്താനത്ത് 743 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന്‍റെ വിനു ജോബ് അട്ടിമറി വിജയം നേടിയത്. എന്നാൽ, കൈവിട്ട് പോയ തൃക്കൊടിത്താനം എൽ.ഡി.എഫ് ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ചങ്ങനാശേരി മണ്ഡലത്തിൽ നിന്ന് വിനു വിജയിച്ചതോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. രണ്ട് തവണ ജില്ല പഞ്ചായത്ത് അംഗമായിരുന്നു മഞ്ജു.
കോൺഗ്രസ് അംഗം ബാബു മാത്യു ഡാണാവുകലിന്‍റെ നിര്യാണത്തെ തുടർന്നാണ് പാമ്പാടി കുമ്പന്താനത്ത് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിലെ സണ്ണി വർഗീസും കോൺഗ്രസിലെ ഡെയ്സി ബാബു ഡാണാവുങ്കലും തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. പോൾ ചെയ്ത 1030 വോട്ടിൽ സണ്ണി 519ഉം ഡെയ്സി 453ഉം വോട്ടുകൾ നേടി. 66 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സണ്ണിയുടെ ജയം. ബി.ജെ.പി സ്ഥാനാർഥി ടിന്‍റു മനോജ് 58 വോട്ട് പിടിച്ചു.
മീനടം ചീരംകുളം വാർഡിൽ കോൺഗ്രസിലെ പ്രസാദ് നാരായണൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രീത പ്രസാദിനെ യു.ഡി.എഫ് മത്സരിപ്പിച്ചത്. ആകെ പോൾ ചെയ്ത 560 പ്രീത 346ഉം സി.പി.എമ്മിലെ ചന്ദ്രു നാരായണൻ 184ഉം വോട്ടുകൾ നേടി. 162 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സീറ്റ് നിലനിർത്തിയത്. ബി.ജെ.പി സ്ഥാനാർഥി എം. ഗൗരിശങ്കർ 30 വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രസാദ് നാരായണന്‍റെ ഭാര്യയാണ് പ്രീത.
ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു വാർഡുകളിലെ വോട്ടെണ്ണൽ ചൊവ്വാ രാവിലെ പത്തിന് ആരംഭിച്ചു. ജില്ല പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ വോട്ടുകൾ ചങ്ങനാശേരി എസ്.ബി എച്ച്.എസ്.എസിലും പാമ്പാടി പഞ്ചായത്ത് കുമ്പന്താനം വാർഡിലെയും മീനടം പഞ്ചായത്ത് ചീരംകുളം വാർഡിലെയും വോട്ടുകൾ വെള്ളൂർ ടെക്നിക്കൽ സ്കൂളിലുമാണ് എണ്ണിയത്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി നേതാക്കളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.