സി.എസ്. നസീബ്
സഹപ്രവര്‍ത്തകന്റെ നഷ്ടപ്പെട്ട ബൈക്ക് സാഹസികമായി കണ്ടെടുത്ത് എക്സൈസ് പ്രിവന്റിവ് ഓഫിസർ
മുണ്ടക്കയം: സഹപ്രവര്‍ത്തകന്റെ നഷ്ടപ്പെട്ട ബൈക്ക് പ്രതിയെ പിന്തുടര്ന്നു പിടികൂടി എക്സൈസ് പ്രിവന്റിവ് ഓഫിസര്‍. എരുമേലി എക്സൈസ് പ്രിവന്റിവ് ഗ്രേഡ് ഓഫിസറും പാറത്തോട് ഇടക്കുന്നം സ്വദേശിയുമായ സി.എസ്. നസീബീനാണ് സേനയിലും നാട്ടിലും അനുമോദനം ലഭിച്ചത്.
പൊന്‍കുന്നം എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ വികാസിന്റെ യുനിക്കോണ്‍ ബൈക്ക് ഇക്കഴിഞ്ഞ 28ന് പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന് വളപ്പില്‍ നിന്നും മോഷണം പോയി. തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഉടന്‍തന്നെ പരാതി നല്‍കുകയും വ്യക്തിപരമായി അന്വേഷണം നടത്തിവരുകയുമായിരുന്നു. സി.സി.ടി.വി പരിശോധനകളെല്ലാം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. സഹപ്രവര്‍ത്തകന്റെ ബൈക്ക് നഷ്ടപ്പെട്ടത് സംബന്ധിച്ച് ഒപ്പമുള്ളവരെല്ലാം അന്വേഷിക്കുന്നുണ്ടായിരുന്നു. ബൈക്കിന്റെ രേഖാവിവരങ്ങൾ വികാസിനോട് നസീബും ശേഖരിച്ചിരുന്നു.
ഒക്ടോബര്‍ ഒന്നിന് ഔദ്യോഗിക ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടയില്‍ 17ാം മൈലില്‍വെച്ച് ഒരു യുനിക്കോണ്‍ ബൈക്ക് നസീബിന്റെ ശ്രദ്ധയില്‍പെട്ടു. ഒറ്റനോട്ടത്തില്‍തന്നെ തന്റെ സഹപ്രവര്‍ത്തകന്റെ നഷ്ടപ്പെട്ട വാഹനമാണെന്ന് നസീബ് മനസ്സിലാക്കി. തുടർന്ന് ബൈക്കിനെ പിന്തുടരുകയായിരുന്നു. ഒപ്പം, വാഹന ഉടമ വികാസിനെ വിവരം അറിയിക്കുകയും ചെയ്തു. നസീബ് പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി വികാസും മറ്റൊരു സഹപ്രവര്ത്തകന് നിമേഷും പുറപ്പെട്ടു. സിനിമാ സ്റ്റൈലില്‍ ബൈക്കിന് പിന്നാലെ നസീബ് വരുന്നത് കണ്ട് പന്തികേട് തോന്നിയ പ്രതി കൊടുംവളവില്‍ കാട്ടിലേക്ക് കയറ്റി ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. നസീബും വികാസും നിമേഷും പിന്തുടര്ന്നെത്തി പ്രതിയെ കിട്ടിയില്ലെങ്കിലും ബൈക്ക് കണ്ടെത്തി. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് പ്രതിക്കായി തിരച്ചില്‍ നടത്തി മോഷ്ടാവിന്റെ വീട് കണ്ടെത്തി. വിവരം പൊന്‍കുന്നം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസെത്തി പനമറ്റം സ്വദേശി ശരത്ത് (33)നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദീര്‍ഘകാലമായി ഈരാറ്റുപേട്ട, മുണ്ടക്കയം എക്സൈസ് ഓഫിസുകളില്‍ ജോലി ചെയ്തിരുന്ന നസീബ് കഴിഞ്ഞ നാലുമാസം മുമ്പാണ് എരുമേലി സ്റ്റേഷനിലെത്തിയത്. നസീബിനെ സഹപ്രവര്‍ത്തകരും നാട്ടുകാരും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.