പെരുവന്താനത്ത് കേരള കോൺഗ്രസ് എമ്മിൽ കൂട്ടരാജി; 70ഓളം പ്രവർത്തകർ കോൺഗ്രസിലേക്കെന്ന്
മുണ്ടക്കയം: ഇടതു മുന്നണിയിലെ കേരള കോൺഗ്രസ് എം പാർട്ടിക്ക് പെരുവന്താനത്ത് കനത്ത തിരിച്ചടി. പാർട്ടിയിലെ നിലവിലെ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് കോൺഗ്രസിൽ ചേരുമെന്ന് മുൻ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി ഒഴാക്കോട്ടയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പെരുവന്താനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കേരള കോൺഗ്രസ് എമ്മിന്‍റെ മുൻനിര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തെക്കേമല, കണയങ്കവയൽ, മതമ്പ, ചെറുവള്ളിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള എഴുപതോളം പ്രവർത്തകരാണ് കോൺഗ്രസിലേക്ക് വരുന്നത്. പഞ്ചായത്തിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയ വിഷയങ്ങളിൽ ഇടപെടാനുമാണ് കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസിലേക്ക് എത്തുന്ന മുഴുവൻ പ്രവർത്തകർക്കും പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചക്ക് 2.30ന് 35ാം മൈലിൽ ഔദ്യോഗിക സ്വീകരണം നൽകും. ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക്ക് തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത് മെംബറും മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റുമായ മിനി സാബു, ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ജോർജ് ജോസഫ് കൂറുംമ്പുറം, ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. ഷാജഹാൻ മഠത്തിൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജോസ് ജോസഫ് വാതല്ലൂർ, മാത്യു പുളിമൂട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.