കോട്ടയം: ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും മണിക്കൂറുകൾ ക്യൂനിന്ന് ഇനി ചികിത്സ തേടേണ്ട. പണവും മുടക്കേണ്ട. സാധാരണക്കാർക്ക് കൈയെത്തും ദൂരത്ത് ചികിത്സയൊരുക്കി നഗര ജനകീയ ആരോഗ്യകേന്ദ്രം. കോട്ടയം നഗരസഭയാണ് തിരുനക്കര പുതിയതൃക്കോവിൽ ക്ഷേത്രത്തിന് സമീപം ശബരി കോംപ്ലക്സിൽ സൗജന്യചികിത്സയും മരുന്നും ഒരുക്കി നഗര ജനകീയ ആരോഗ്യ കേന്ദ്രം തുറന്നത്. ചിങ്ങവനത്തടക്കം നേരത്തെ നഗര ജനകീയ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചിരുന്നു.
അതീവ ഗുരുതരമല്ലാത്ത എല്ലാ രോഗങ്ങൾക്കും ആരോഗ്യകേന്ദ്രത്തിൽ നിന്നും ചികിത്സ ലഭിക്കും. ഞായറാഴ്ചയും പൊതുഅവധി ദിനങ്ങളും ഒഴികെ എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തന സമയം.
നഗരസഭക്ക് കീഴിലുള്ള ചുങ്കം, പനയക്കഴിപ്പ്, അറത്തൂട്ടി, പഴയ ചന്ത, തളിയിൽകോട്ട, ആലുംമൂട്, പുത്തനങ്ങാടി, യൂനിയൻ ക്ലബ്, തെക്കുംഗോപുരം, കോടിമത, വയസ്ക്കര, ചിറയിൽപ്പാടം, തിരുനക്കര എന്നിവിടങ്ങളിലെ നിവാസികൾക്കാണ് ആരോഗ്യ കേന്ദ്രം ഏറെ പ്രയോജനകരമാകുന്നതെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞു. മറ്റിടങ്ങളിൽ പോയി പണവും സമയവും നഷ്ടപ്പെടുത്താതെ ചികിത്സ നേടാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കൗൺസിലർമാരായ ഡോ.പി.ആർ. സോന, സിൻസി പാറേൽ, ജയമോൾ ജോസഫ്, ജാൻസി ജേക്കബ്, അഡ്വ.ടോം കോര, എസ്. ജയകൃഷ്ണൻ, എൻ. ജയചന്ദ്രൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. ചുങ്കം, പനയക്കഴിപ്പ്, അറത്തൂട്ടി, പഴയചന്ത, ആലുംമൂട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ചാലുകുന്ന് വഴി ശ്രീനിവാസ അയ്യർ റോഡ്, പുതിയതൃക്കോവിൽ ക്ഷേത്രം റോഡിലൂടെ കേന്ദ്രത്തിലെത്താം.
കോടിമത, വയ്സ്ക്കര, പുത്തനങ്ങാടി, തിരുനക്കര തുടങ്ങിയിടങ്ങളിൽ നിന്നും എത്തുന്നവർ പുതിയ തൃക്കോവിൽ ക്ഷേത്രത്തിന്റെ മുന്നിലൂടെ കേന്ദ്രത്തിലെത്താം. വയോമിത്രം രോഗികൾക്കുള്ള മരുന്ന് വിതരണവും ഇവിടെനിന്ന് ഉടൻ ആരംഭിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.