കോട്ടയം: മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിങ്ങനെ മൂന്ന് ആറുകളൊഴുകുന്ന ജില്ലക്ക് വെള്ളപ്പൊക്കം പുതുമയല്ല. എന്നാൽ, പണ്ട് ഒരാഴ്ചകൊണ്ടാണ് ജില്ലയിലെ വീടുകളിൽ വെള്ളം കയറിയിരുന്നത്.
മഴ പെയ്താൽ എന്നത്തേക്ക് വെള്ളം കയറുമെന്ന് പഴമക്കാർക്ക് അറിയാമായിരുന്നു. ആദ്യം പാടത്ത്, പിന്നെ പറമ്പിൽ, ഒടുവിൽ വീട്ടിനകത്തേക്ക്. അതു കൃത്യമായി കണക്കാക്കി വീടുകൾ ഒഴിയാൻ കഴിയുമായിരുന്നു. എന്നാലിപ്പോൾ കഥ മാറി. കണക്കുകൂട്ടാൻ പോലും സമയമില്ല. ഒറ്റമഴയിൽ വെള്ളം വീടിനകത്താണ്. കിഴക്ക് മഴ ശക്തമായാൽ പടിഞ്ഞാറുള്ളവർക്ക് ഇരിക്കപ്പൊറുതിയില്ല. രാത്രി സമാധാനമായി ഉറങ്ങാൻ പോയവർ രാവിലെ കാണുന്നത് വെള്ളത്തിന്റെ വരവാണ്. എന്താണിങ്ങനെ? പ്രളയരഹിത കോട്ടയം സാധ്യമാണെന്ന് പ്രഖ്യാപിച്ച അഡ്വ. കെ. അനിൽകുമാറിന്റെ മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ നദീപുനർസംയോജന പദ്ധതിയുടെ പരാജയമാണ് ഇത്തവണത്തെ വെള്ളപ്പൊക്കത്തിനു കാരണമെന്നാണ് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നത്.
പദ്ധതി തട്ടിപ്പാണെന്ന് ഇത്തവണത്തെ പ്രളയം തെളിയിച്ചു. രണ്ടുദിവസത്തെ മഴകൊണ്ടു മാത്രം കോട്ടയം പട്ടണത്തിന്റെ സമീപ പ്രദേശങ്ങൾ വെള്ളത്തിലായതോടെ പദ്ധതിക്ക് പിന്നിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകും. മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ പുനർസംയോജന പദ്ധതി എന്ന പേരിൽ നടക്കുന്ന പ്രവർത്തനങ്ങൾ ദുരൂഹമാണ്. പദ്ധതിയുടെ ഭാഗമായി ചളിയും എക്കലും നീക്കം ചെയ്യുന്നതിന്റെ മറവിൽ നദികളിൽനിന്ന് വൻതോതിൽ മണൽ കടത്താനുള്ള ശ്രമമാണ് നടക്കുന്നത്. നട്ടാശ്ശേരി മൈലപ്പള്ളി കടവിന് സമീപം ലോഡുകണക്കിന് മണൽ വാരി വിൽപന നടത്താനുള്ള നീക്കം ഊർജിതമാണ്. പ്രളയം ഒഴിവാക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ സർക്കാറിൽനിന്നും പൊതുജനങ്ങളിൽനിന്നും സമാഹരിച്ചെങ്കിലും ഇതുവരെ ഒരു കണക്കും പ്രസിദ്ധീകരിച്ചിട്ടില്ല. 2019ൽ രജിസ്റ്റർ ചെയ്ത മീനച്ചിലാർ- മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയെന്ന പേരിൽ രൂപവത്കരിച്ച സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ വേറെ അക്കൗണ്ട് വഴിയാണ് നടക്കുന്നതെന്നതും ദുരൂഹമാണ്. ഇതുസംബന്ധിച്ച് സൊസൈറ്റിയുടെ മൂന്നുവർഷത്തെ കണക്കുകൾ പരിശോധിക്കണം. പദ്ധതിയുടെ മറവിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സിബി ജോൺ, എൻ. ജയചന്ദ്രൻ, എസ്. രാജീവ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നദീസംരക്ഷണവും തരിശുഭൂമി കൃഷിയിറക്കലും എന്ന പേരിൽ മൂന്നു നാല് വർഷമായി ജില്ലയിൽ വ്യാപകമായി നടന്നുവന്നിരുന്ന മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പദ്ധതിയിലൂടെ കോട്ടയത്തെ പ്രളയരഹിതമാക്കി മാറ്റിയെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാറിന്റെ പ്രഖ്യാപനം തട്ടിപ്പായിരുന്നു. രണ്ടാഴ്ച മഴപെയ്താൽ മാത്രം വെള്ളം കയറിയിരുന്ന പ്രദേശങ്ങൾ വെറും രണ്ടു ദിവസംകൊണ്ട് വെള്ളത്താൽ മൂടുന്ന സാഹചര്യമായി. അനിൽകുമാറും പാർട്ടിയും ഒരുപറ്റം സർക്കാർ ഉദ്യോഗസ്ഥരും ദുരന്ത നിവാരണത്തിന്റെ പേരുപറഞ്ഞ് എന്താണ് ഇവിടെ ചെയ്തതെന്ന് ജനങ്ങളോട് പറയാൻ തയാറാവണം. പദ്ധതിയുടെ പേരിൽ 5200 ഏക്കർ ഭൂമിയിൽ കൃഷിയിറക്കി എന്നാണ് മാധ്യമങ്ങളിലൂടെ പറയുന്നത്. എന്നാൽ, ഈ കൃഷിഭൂമിയിൽ പിന്നീട് കൊയ്ത് നടന്നതായോ വിളവെടുപ്പ് നടന്നതായോ ആർക്കും അറിയില്ല. ഇതിന്റെ പേരിൽ സബ്സിഡി ഇനത്തിൽ തുക കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. 1600 കിലോമീറ്റർ തോട് ഇതിനകം തെളിച്ചെടുത്തുവെന്ന് പറയുമ്പോഴും ചെറിയ മഴ പെയ്താൽപോലും വെള്ളത്തിനടിയിലാവുന്ന അവസ്ഥയിലാണ് ഇപ്പോൾ കോട്ടയത്തെ ജനങ്ങൾ. ദുരന്ത നിവാരണത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞും നടത്തിയ പദ്ധതിയുടെ പണത്തിന്റെ വിനിയോഗം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിൻലാൽ ആവശ്യപ്പെട്ടു.
മഴയുടെ അളവ് മാത്രമല്ല വെള്ളപ്പൊക്കത്തിനു കാരണമാവുന്നതെന്നും കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും നോക്കണമെന്നാണ് അന്തർദേശീയ കായൽനില ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാറിന് പറയാനുള്ളത്. വെളുത്ത പൗർണമിയോടനുബന്ധിച്ച് കടലിൽ ഉയർന്ന വേലിയേറ്റത്തിന്റെ സമയമായിരുന്നു ഒരാഴ്ച. നദീപ്രളയവും വേലിയേറ്റ പ്രളയവും ഒന്നിച്ചു വന്നതിന്റെ വെള്ളക്കെട്ടാണ് ഇപ്പോഴുണ്ടായത്. ഉയർന്ന വേലിയേറ്റമുള്ളപ്പോൾ കടൽ വെള്ളമെടുക്കില്ല. ഒരു മീറ്ററാണ് ഉയർന്ന വേലിയേറ്റത്തിന്റെ ഉയരം. അതിനെ കവിഞ്ഞ് വെള്ളം വന്നാലേ കടലെടുക്കൂ. ശനിയാഴ്ചയോടെ വേലിയേറ്റം കുറയും. അപ്പോൾ വെള്ളം കടലിലേക്കൊഴുകാൻ തുടങ്ങും. തോട്ടപ്പള്ളി സ്പിൽവേ കഴിഞ്ഞ ദിവസം തുറന്നതും വെള്ളം ഒഴുകിപ്പോകാൻ സഹായിക്കും. വെള്ളം കടലിലേക്ക് ഒഴുകാൻ ഇടം വേണം. 19ഓളം പൊഴികളുണ്ടായിരുന്നതെല്ലാം അടഞ്ഞു. കനാലുകൾ ചളി നിറഞ്ഞു. വെള്ളത്തെ കടലിലേക്ക് ഒഴുകാനനുവദിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. കനാലുകളിലെയും തോടുകളിലെയും തടസ്സങ്ങൾ നീക്കണമെന്നും പത്മകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.