സാമ്പത്തിക സെന്‍സസ്: ആശങ്ക വേണ്ടെന്ന് കലക്ടര്‍

കോട്ടയം: ഏഴാമത് സാമ്പത്തിക സെന്‍സസി‍െൻറ ഭാഗമായി ഇക്കണോമിക്‌സ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്‌സ് വകുപ്പി‍െൻറ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്ന വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കലക്ടര്‍ എം. അഞ്ജന അറിയിച്ചു.

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനായാണ് സെന്‍സസ് നടത്തുന്നത്.നടപടികളുടെ സുതാര്യത സംബന്ധിച്ച് ചില മേഖലകളിലെ ജനങ്ങള്‍ ആശങ്ക അറിയിച്ച സാഹചര്യത്തില്‍ ജില്ലതല യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നിർദിഷ്​ട ഫോറം അടിസ്ഥാനമാക്കി മാത്രമാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. വിവരശേഖരണം പൂര്‍ത്തീകരിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തവുമുണ്ട്.

കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിര്‍വഹണ മന്ത്രാലയത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാറി‍െൻറ ഇക്കണോമിക്‌സ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്‌സ് വകുപ്പാണ് വിവരശേഖരണം ഏകോപിപ്പിക്കുന്നത്.സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലകളില്‍ കലക്ടര്‍മാരും അധ്യക്ഷരായുള്ള കമ്മിറ്റികള്‍ക്കാണ് മേല്‍നോട്ടച്ചുമതല.

ഇ-ഗവേണന്‍സ് സര്‍വിസസ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജന്‍സിയുടെ കീഴിലുള്ള കോമണ്‍ സര്‍വിസ് സെൻററുകളെയാണ് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളത്.ഇക്കണോമിക്‌സ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്‌സ് വകുപ്പിലെ ഇന്‍വെസ്​റ്റിഗേറ്റര്‍മാരും നാഷനല്‍ സ്​റ്റാറ്റിസ്​റ്റിക്‌സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥരും ഫീല്‍ഡ്തല സൂപ്പര്‍വൈസര്‍മാരായി പ്രവര്‍ത്തിച്ചുവരുന്നു.

വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നേരിട്ടെത്തി ഷെഡ്യൂള്‍ 7.0 എന്ന ഫോറത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.ആദ്യ 10 ചോദ്യങ്ങള്‍ വീടുകളുടെ അടിസ്ഥാന വിവരങ്ങളുമായി ബന്ധപ്പെട്ടവയാണ്.

സംസ്ഥാനം, ജില്ല, താലൂക്ക്, ടൗണ്‍ അല്ലെങ്കില്‍ പഞ്ചായത്ത്, വിലാസം, താമസ സ്ഥലം, കെട്ടിട നമ്പര്‍, കെട്ടിടത്തി‍െൻറ ഉപയോഗം (താമസം അല്ലെങ്കില്‍ വാണിജ്യ ആവശ്യം), ഗൃഹനാഥ​െൻറ പേര്, ഗൃഹനാഥ​െൻറയോ കുടുംബാംഗങ്ങളില്‍ ഒരാളുടെയോ മൊബൈല്‍ നമ്പര്‍, കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബത്തിലെ സംരംഭകരുടെ വിവരം, ഭവന കേന്ദ്രീകൃത സംരംഭങ്ങളുടെ എണ്ണം എന്നിവയാണ് ഈ 10 ചോദ്യങ്ങളിലും ഉപവിഭാഗങ്ങളിലുമായി ഉള്‍പ്പെടുന്നത്.

സംരംഭങ്ങള്‍ ഉള്ളവരില്‍നിന്ന്​ മാത്രമാണ് ഫോറത്തിലെ തുടര്‍ന്നുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശേഖരിക്കുക.സംരംഭത്തി‍െൻറ സ്വഭാവം, വിശദാംശങ്ങള്‍, ഉടമയുടെ വ്യക്തിവിവരങ്ങള്‍, സംരംഭത്തി‍െൻറ പങ്കാളിത്ത പശ്ചാത്തലം, തൊഴിലാളികളുടെ വിശദാംശങ്ങള്‍, വാര്‍ഷിക വരുമാനം, മറ്റു സ്ഥാപനങ്ങള്‍, ശാഖകള്‍, മുതല്‍ മുടക്കി‍െൻറ സ്രോതസ്സ്​ തുടങ്ങി എഴുപതോളം ചോദ്യങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.

സാമ്പത്തിക സെന്‍സസി‍െൻറ സമയപരിധി മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാജ്യത്തി‍െൻറ പുരോഗതിക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായുള്ള വിവരശേഖരണത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

Tags:    
News Summary - Financial Census, No worries -Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.