ചാലുകുന്ന്- മെഡിക്കൽ കോളജ് റോഡിൽ ചുങ്കം പാലത്തിനോട് ചേർന്ന്
അപകടഭീഷണിയുയർത്തി നിൽക്കുന്ന വൻമരം
കോട്ടയം: അപകടഭീഷണിയുയർത്തി റോഡരുകിൽ വൻമരം. ഇത് മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും നഗരസഭയും പല തവണ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിട്ടും നടപടിയില്ല. കോട്ടയം ചാലുകുന്ന്- മെഡിക്കൽ കോളജ് റോഡിൽ ചുങ്കം പാലത്തോട് ചേർന്നാണ് കൂറ്റൻ വാകമരം. ഇതിന്റെ വൻ ശിഖരങ്ങൾ റോഡിനുകുറുകെ ചാഞ്ഞുനിൽക്കുന്ന നിലയിലാണ്.
മെഡിക്കൽ കോളജിലേക്കുള്ള സ്വകാര്യബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഈ മരത്തിന് അടിയിലൂടെ കടന്നുപോകുന്നത്. പരിസരവാസികളുടെ പരാതിയെത്തുടർന്ന് സ്ഥലപരിശോധന നടത്തിയ കോട്ടയം നഗരസഭ അധികൃതർ മരങ്ങൾ വെട്ടിമാറ്റി അപകടം ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
നാട്ടുകാർ നേരിട്ടും പരാതി നൽകിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പുറമ്പോക്കിലെ മരം വെട്ടിമാറ്റിയിട്ടില്ല. ഇതോടെ പരിസരവാസികളും വാഹനയാത്രികരും ഭീതിയിലാണ്.
മരത്തിന്റെ ചുവട് ദ്രവിച്ചുതുടങ്ങിയതായും നാട്ടുകാർ പറയുന്നു. വലിയ പൊത്തും രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെയും കാൽനടക്കാരുടെയും മേൽ കമ്പുകൾ അടർന്നുവീഴുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു. രണ്ട് വാകമരങ്ങൾ കൂടി ഇതിന്റെ സമീപത്തായിട്ടുണ്ട്. ഒന്ന് മീനച്ചിലാറ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന നിലയിലാണ്.
മരങ്ങളോട് ചേർന്ന് വഴിയോരകച്ചവടവും സജീവമാണ്. ഒപ്പം സി.എം.എസ് സ്കൂളിൽനിന്നുള്ള വിദ്യാർഥികളടക്കമുള്ളവർ കാൽനടയായി പോകുന്നത് ഇതിനരികിലൂടെയാണ്.
വാഹനങ്ങൾ കടന്നുപോകുന്ന സമയങ്ങളിൽ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ മരം കടപുഴകുകയോ ചെയ്താൽ വലിയ അപകടമാകും സംഭവിക്കുകയെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മഴയും കാറ്റുമുള്ള സമയങ്ങളിൽ വലിയ ഭീതിയാലാണ് സമീപവാസികൾ. സമീപത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽനിന്ന മരം അപകടഭീഷണിയെതുടർന്ന് അടുത്തിടെ വെട്ടിമാറ്റിയിരുന്നു. സി.എം.എസ് സ്കൂൾ കോമ്പൗണ്ടിൽ റോഡിലേക്ക് ചാഞ്ഞുനിന്ന മരങ്ങളും കഴിഞ്ഞദിവസങ്ങളിലായി വെട്ടിമാറ്റിയിരുന്നു.
പാലത്തിന് മറുവശത്തെ ജങ്ഷനിൽ ഇതേപോലെ ചുവട് ദ്രവിച്ചുനിന്ന മരങ്ങൾ കുറച്ചുകാലം മുമ്പ് ഒടിഞ്ഞുവീണ് സമീപത്തെ വീടിന്റെ ഒരുഭാഗം നശിച്ചിരുന്നു. തുടർന്ന് ഈ മരങ്ങൾ പൂർണമായി വെട്ടിനീക്കി. ഇത്തരത്തിൽ അപകടം സംഭവിക്കുംവരെ കാത്തിരിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, ഉടൻ വെട്ടിമാറ്റുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
നേരത്തെ കാലവർഷത്തിനുമുന്നോടിയായി അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് ജില്ല ഭരണകൂടം സ്വകാര്യവ്യക്തികൾക്കടക്കം നിർദേശം നൽകിയിരുന്നു. ഈ ഘട്ടത്തിലും ചുങ്കത്തെ മരങ്ങളുടെ അവസ്ഥ നാട്ടുകാർ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.