കോട്ടയം: ജില്ല പഞ്ചായത്തിലേക്കുള്ള സീറ്റ് ചർച്ചകൾ സജീവമാക്കി മുന്നണികൾ. ജില്ല പഞ്ചായത്തിലും കോട്ടയം അടക്കം ചില നഗരസഭകളിലും എൽ.ഡി.എഫിൽ കക്ഷികൾ തമ്മിൽ ഇതിനകം ഏകദേശ സീറ്റുധാരണയിൽ എത്തിയിട്ടുണ്ട്. അതേസമയം, ജില്ല പഞ്ചായത്തിലെ സീറ്റ് ചർച്ചകൾക്ക് യു.ഡി.എഫ് ഔദ്യോഗികമായി തുടക്കം കുറിച്ചത് വെള്ളിയാഴ്ചയാണ്. എൻ.ഡി.എയിൽ ചർച്ചകൾ അന്തിമഘട്ടത്തിലുമാണ്.
തർക്കം തലനാടിനെ ചൊല്ലി
22 ഡിവിഷനുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ വാർഡ് വിഭജനം വന്നതോടെ 23 ആയി. തലനാട് ആണ് അധികമായി വന്ന ഡിവിഷൻ. ഈ ഡിവിഷനെ ചൊല്ലിയാണ് ഇരു മുന്നണികളിലും പ്രധാന തർക്കം. എൽ.ഡി.എഫിൽ സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും ഈ സീറ്റിന് അവകാശ വാദം ഉന്നയിക്കുന്നു. ഈ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ ഏകദേശ ധാരണയായിട്ടുണ്ട്.
ഒമ്പത് സീറ്റുകളിൽ വീതം സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും നാല് സീറ്റുകളിൽ സി.പി.ഐയുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇതിൽ കേരള കോൺഗ്രസ് അഞ്ചിടത്തും സി.പി.എം ആറിടത്തും സി.പി.ഐ മൂന്നിടത്തും വിജയിച്ചിരുന്നു. ഇത്തവണ കേരള കോൺഗ്രസ് പത്തിടത്തും സി.പി.എം ഒമ്പതിടത്തും സി.പി.ഐ നാലിടത്തും മത്സരിക്കാനാണ് സാധ്യത. തലനാട് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയതിന് പകരമായി ഒരു ഡിവിഷനിൽ എല്ലാവർക്കും സ്വീകാര്യനായ എൽ.ഡി.എഫ് സ്വതന്ത്രനെ നിർത്താനും സാധ്യതയുണ്ട്. ‘‘കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ചാണ് കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ എത്തിയത്.
അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ കൂടുതൽ അവകാശ വാദങ്ങൾക്ക് ഞങ്ങൾ നിന്നില്ല. യു.ഡി.എഫിൽ 11-12 സീറ്റുകളിൽ മത്സരിച്ചുകൊണ്ടിരുന്ന പാർട്ടിയാണ് ഞങ്ങളുടേത്. ഇത്തവണ തലനാടിൽ ഉൾപ്പടെ കൂടുതൽ സീറ്റുകളിൽ കേരള കോൺഗ്രസ് എം വിജയിക്കും’’-എൽ.ഡി.എഫ് ജില്ല കൺവീനറും കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റുമായ ലോപ്പസ് മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു.
യു.ഡി.എഫിൽ ചർച്ച പ്രാരംഭ ദശയിൽ
യു.ഡി.എഫിൽ ചർച്ച പ്രാരംഭ ദശയിലാണെന്ന് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട്, മുന്നണികളിലെ പാർട്ടികളുമായി ചർച്ചയുണ്ട്. ഒരോ പാർട്ടികളുമായി വെവ്വേറെയും കൂട്ടായും ചർച്ച നടക്കും. ദിവസങ്ങൾക്കുള്ളിൽ സീറ്റ് ധാരണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ കോൺഗ്രസ് 14 സീറ്റിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റിലുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ മുസ്ലിം ലീഗ് ഒരു സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുണ്ടക്കയം സീറ്റിൽ സ്ഥാനാർഥിയെ നിർത്താനാണ് ലീഗിന്‍റെ ആലോചന. കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ കേരള കോൺഗ്രസും ജയിച്ചിരുന്നു. മുസ്ലിം ലീഗിന് കഴിഞ്ഞ തവണ സീറ്റ് നൽകിയിരുന്നില്ല.
പൂഞ്ഞാറിൽ ത്രികോണ മത്സരം?
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സ്ഥാനാർഥിയായി പൂഞ്ഞാർ ഡിവിഷനിൽ അഡ്വ. ഷോൺ ജോർജ് വിജയിച്ചിരുന്നു. പിതാവ് പി.സി. ജോർജിനൊപ്പം ഷോൺ പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഈ സീറ്റിൽ ഇത്തവണ ബി.ജെ.പിയായിരിക്കും മത്സരിക്കുക. എൻ.ഡി.എക്ക് ജില്ലയിൽ പ്രതീക്ഷയുള്ള ഏക ഡിവിഷനും ഇതാണ്. വനിത സംവരണമായതിനാൽ ഷോണിന് ഇക്കുറി ഇവിടെ മത്സരിക്കാനാവില്ല. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് പുറമെ നാഷനലിസ്റ്റ് കേരള കോൺഗ്രസ്, എൽ.ജെ.പി തുടങ്ങിയ കക്ഷികൾക്കും ചില സീറ്റുകൾ മത്സരിക്കാൻ ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.