കോട്ടയം: നഗരസഭയിലെ റോഡുകളുടെ വികസനവും സോൺ നിയന്ത്രണങ്ങളിൽ ഇളവും നിർദേശിച്ച് വിശദ നഗരാസൂത്രണ പദ്ധതിയുടെ കരട് റിപ്പോർട്ട്. അഞ്ച് വിശദ നഗരാസൂത്രണ പദ്ധതിയാണ് മുനിസിപ്പാലിറ്റിയിലുള്ളത്. ഇതിൽ കാര്യമായ മാറ്റം വരുത്തുന്നവ ടൗൺ പ്ലാനിങ് വിഭാഗം കൗൺസിലിൽ അവതരിപ്പിച്ചു. കാലത്തിനനുസരിച്ച മാറ്റം ഉൾക്കൊള്ളിച്ച് ഡി.ടി.പി സ്കീം പുതുക്കാൻ 2022ൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് തയാറാക്കിയ കരട് റിപ്പോർട്ട് രണ്ട് പ്രത്യേക കമ്മിറ്റികൾ ചർച്ച ചെയ്ത് കൗൺസിലിലേക്കു ശിപാർശ ചെയ്തതാണ്. സ്കീം മാപ്പിലും സോണിലും മാറ്റം വരുന്നില്ല.
നഗരസഭ മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്തുന്നതിന് ജോയന്റ് പ്ലാനിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. കോട്ടയം നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മാസ്റ്റർപ്ലാൻ പരിധിയിൽ വരുന്നത്. നഗരസഭ ചെയർപേഴ്സൻ ആയിരിക്കും കമ്മിറ്റി ചെയർമാൻ. പഞ്ചായത്ത് പ്രസിഡന്റുമാർ അംഗങ്ങളും സെക്രട്ടറി കൺവീനറും ആയിരിക്കും. 2020ലാണ് നഗരസഭയുടെ മാസ്റ്റർ പ്ലാൻ നിലവിൽ വന്നത്. പുതിയ കാലത്തിനനുസരിച്ച് മാസ്റ്റർ പ്ലാൻ പുനരവലോകനം ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനായി ജോയന്റ് പ്ലാനിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു.
യോഗത്തിൽ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എം.പി. സന്തോഷ് കുമാർ, ഡോ. പി.ആർ. സോന, എം.എസ്. വേണുക്കുട്ടൻ, ജിബി ജോൺ, സാബു മാത്യു, സരസമ്മാൾ, ടി.സി. റോയ്, റീബ വർക്കി, ദീപമോൾ, കെ. ശങ്കരൻ, വിനു ആർ. മോഹൻ, എം.എ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.