കോട്ടയം: സംസ്ഥാന സർക്കാറിന്‍റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനങ്ങൾക്ക് ജില്ലയിൽ ശനിയാഴ്ച തുടക്കമാകും. രാവിലെ 11ന് പരിശീലനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനിൽ നിർവഹിക്കും. ജില്ലയിലെ ആദ്യ ക്ലാസ് കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ നടക്കും. ജില്ലയിലെ ഹൈസ്‌കൂളുകളിൽ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ) സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ വഴിയാണ് പരിശീലനം നൽകുന്നത്. ലിറ്റിൽ കൈറ്റ്സ് യൂനിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ അവസരം. 30 പേർ വീതമുള്ള അഞ്ച് ബാച്ചായി മേയ് ഏഴുമുതൽ 20 വരെയാണ് പരിശീലനം. അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ച് സെഷനാണ് പരിശീലനത്തിലുള്ളത്. സ്മാർട്ട് ഫോൺ, ഇന്‍റർനെറ്റ്, ഇന്‍റർനെറ്റിന്‍റെ സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്വേഡുകളുടെ സുരക്ഷ, എന്നിങ്ങനെ വിവിധ വിഷയങ്ങൾ സെഷനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിശീലനത്തിന് ഓരോ സ്‌കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാല് കുട്ടികളും കൈറ്റ് മാസ്റ്റർമാരായ അധ്യാപകരും നേതൃത്വം നൽകും. പരിശീലനപരിപാടിക്ക് 250 അധ്യാപകരും 500 കുട്ടികളും ഉൾപ്പെടുന്ന പരിശീലകർക്കുള്ള പരിശീലനം പൂർത്തിയാക്കിയതായി കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. പരിശീലനത്തിൽ പങ്കാളികളാകുന്നതിന് ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.