ഓൺലൈൻ ടാക്സി; തെരുവിൽ തർക്കവും കൈയാങ്കളിയും

കോട്ടയം: മൂന്നാറിലെപോലെ ഓൺലൈൻ ടാക്സികളുടെ പ്രവർത്തനത്തെച്ചൊല്ലി ജില്ലയിലും വാക്തർക്കവും കൈയാങ്കളിയും. നിയമവിരുദ്ധമായിട്ടാണ് ഓൺലൈൻ ടാക്സികളും കള്ളവണ്ടികളും സർവിസ് നടത്തുന്നതെന്നും അവർ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നെന്നുമാണ് പരമ്പരാഗത ടാക്സി ഡ്രൈവർമാരുടെ പരാതി. പലയിടങ്ങളിലേയും സ്റ്റാൻഡുകളിൽ എത്തി ഓൺലൈൻ ടാക്സിക്കാർ ഓട്ടം വിളിക്കുന്നതായും ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നുമാണ് ഡ്രൈവർമാരുടെ പരാതി.

ജില്ലയിൽ ഇത്തരത്തിൽ ഓൺലൈൻ ടാക്സികളും മറ്റ് ഡ്രൈവർമാരും തമ്മിൽ തർക്കങ്ങളും കൈയാങ്കളിയുമുണ്ടാകുന്നത് പതിവായി. അനധികൃതമായാണ് ഓൺലൈൻ ടാക്സികൾ പ്രവർത്തിക്കുന്നതെന്നും അവക്ക് വേണ്ട എല്ലാ ഒത്താശയും മോട്ടോർ വാഹന വകുപ്പിൽനിന്ന് ലഭിക്കുന്നെന്നും സാധാരണ ഡ്രൈവർമാരെ പിഴ ചുമത്തി പീഡിപ്പിക്കുന്ന മോട്ടോർ വാഹനവകുപ്പ് ഇവരുടെ കാര്യത്തിൽ ഒളിച്ചുകളി നടത്തുകയാണെന്നും അവർ ആരോപിക്കുന്നു.

ഓൺലൈൻ ടാക്സികൾ സംബന്ധിച്ച കാര്യത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തത വരുത്തണമെന്ന് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ ആരോപിച്ചു. ഓൺലൈൻ ടാക്സികൾക്ക് സംസ്ഥാനത്ത് അംഗീകാരമില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ തടയാനാണ് ഡ്രൈവർമാരുടെ തീരുമാനം. ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഓൺലൈൻ ടാക്സികൾക്ക് പുറമെ നിയമവിരുദ്ധ കള്ളടാക്സികൾ, റെന്‍റ് എ കാർ എന്നിവയും പ്രതിസന്ധിയുണ്ടാക്കുന്നെന്ന് അവർ ആരോപിക്കുന്നു.

അനുമതിയില്ലെന്ന് മോട്ടോർ വാഹനവകുപ്പ്

കോട്ടയത്ത് ഓൺലൈൻ ബുക്കിങ് ടാക്സികൾക്ക് ലൈസൻസിങ് സംവിധാനം നടപ്പാക്കിയിട്ടില്ലെന്നും ഇത്തരത്തിൽ സർവിസ് നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് പരമ്പരാഗത ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിൽ അനധികൃതമായി ഓടുന്ന വാഹനങ്ങളെ തടയുന്നതിൽ എന്ത് തെറ്റാണെന്നും അവർ ചോദിക്കുന്നു.

ഓൺലൈൻ ടാക്സി ഓടാനും ലൈസ‌ൻസ് വേണം

സംസ്ഥാന പെർമിറ്റുണ്ടെങ്കിലും ഓൺലൈൻ ടാക്സികൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അഗ്രഗേറ്റർ ലൈസൻസ് വേണമെന്നാണ് ചട്ടമെന്ന് ഡ്രൈവർമാർ പറയുന്നു. അത് ലഭിക്കണമെങ്കിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണം. ഇത്ര വാഹനങ്ങൾ വേണം, സ്റ്റാൻഡ് കേന്ദ്രീകരിച്ച് മാത്രമേ ഓടാവൂ തുടങ്ങിയ കാര്യങ്ങൾ പാലിക്കണം.

ഓട്ടം കിട്ടിയാൽ പോകാമെങ്കിലും സ്ഥിരമായി ഓടണമെങ്കിൽ ഏതെങ്കിലും സ്റ്റാൻഡിൽ കിടന്ന് മാത്രമേ ഓടാനാകൂവെന്നാണ് ഡ്രൈവർമാരുടെ വാദം. ഭീമമായ നികുതി അടച്ച് സ്റ്റാൻഡിൽ കാത്തുകിടന്ന് കിട്ടുന്ന തങ്ങളുടെ ഓട്ടം തട്ടിയെടുക്കുകയാണ് ഇക്കൂട്ടർ. എന്നാൽ, ‘യൂബർ’ എന്നറിയപ്പെടുന്ന ഓൺലൈൻ സംവിധാനം കേരളത്തിലെ നിയമങ്ങളൊന്നും പാലിക്കുന്നില്ല. അതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ഓൺലൈൻ ടാക്സികൾ സൗകര്യപ്രദമെന്ന് യാത്രക്കാർ

ഓൺലൈൻ ടാക്സികളാണ് കൂടുതൽ സൗകര്യപ്രദമെന്ന വാദമാണ് യാത്രക്കാർ പറയുന്നത്. ഏതുസമയത്തും എവിടെനിന്നും വിളിക്കാനാനാകുമെന്നും തുകയും കുറവാണെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കാമെന്നും യാത്രക്കാർ കൂട്ടിച്ചേർത്തു.

ഓൺലൈൻ ടാക്സികളിലെത്തുന്ന യാത്രക്കാർക്ക് സ്റ്റാൻഡുകളിലുള്ള ഡ്രൈവർമാരിൽനിന്ന് മോശമായ അനുഭവങ്ങളുണ്ടാകുന്നെന്ന പരാതിയുമുണ്ട്. അടുത്തിടെ കോട്ടയത്ത് ഓൺലൈൻ ടാക്സി വിളിച്ച ആളുകളെ ഇറക്കിവിട്ട് ഓൺലൈൻ ടാക്സികൾ ഡ്രൈവർമാർ നിർബന്ധപൂർവം മടക്കിയയച്ച ഒട്ടേറെ സംഭവങ്ങളാണുണ്ടായത്. ഹോട്ടലുകളിൽനിന്ന് വിളിച്ചുവരുത്തിയ ഓൺലൈൻ വാഹനവും ഇത്തരത്തിൽ പറഞ്ഞുവിടുകയും യാത്രക്കാരെ ഉൾപ്പെടെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നടക്കുകയുമുണ്ടായി.

ജീവനിൽ ഭയമുണ്ടെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാർ

യാത്രക്കാരുമായി കോട്ടയത്തെത്തുമ്പോഴാകും ഓൺലൈനിലൂടെയാണ് ഇവിടെനിന്ന് ഓട്ടം കിട്ടുന്നത്. അങ്ങനെ കിട്ടുന്ന ഓട്ടത്തിനായി യാത്രക്കാർ കയറുമ്പോഴേക്കും അവിടെയുള്ള ഡ്രൈവർമാർ തടയുന്ന രീതിയുണ്ടെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പരാതിപ്പെടുന്നു.

ടാക്സി സ്റ്റാൻഡിൽനിന്ന് വിളിക്കുന്ന ടാക്സിയെക്കാൾ കൂലി കുറവായതിനാലാണ് പലരും തങ്ങളെ വിളിക്കുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്ന നികുതി ഉൾപ്പെടെ അടച്ചാണ് തങ്ങളും വാഹനങ്ങൾ നിരത്തിലിറക്കുന്നത്. കാത്തുകിടന്നാൽ ഓട്ടംകിട്ടുമെങ്കിലും മറ്റ് ഡ്രൈവർമാരുടെ ഭീഷണി ഭയന്ന് ഇപ്പോൾ മറ്റിടങ്ങളിൽ നിന്നും എത്തിയാൽ കാലിയായിതിരിച്ചുപോകുകയാണ് പതിവെന്നും അവർ പറഞ്ഞു. ഓൺലൈൻ ടാക്സി ഡ്രൈവർമാർ അവരുടെ സ്വന്തം കാറുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ ടാക്സി ബുക്കുചെയ്യാനും പ്രഫഷനൽ സേവനം ഉറപ്പാക്കാനും ഇത് സഹായമാണ്.

Tags:    
News Summary - controversy on online taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.