വൈക്കം താലൂക്ക് ആശുപത്രിയിലെ കടയുടെ മുന്നിൽ അഭിലാഷും ഭാര്യ രേഷ്മയും
വൈക്കം: താലൂക്ക് ആശുപത്രി വളപ്പിൽ കട നടത്തുന്ന ഭിന്നശേഷിക്കാരൻ കടയിൽ സഹായത്തിന് ബന്ധുവിനെ കൂടെ കൂട്ടിയതിനെതിരെ ആശുപത്രി അധികൃതർ. ചെമ്പ് മേക്കര പീടികപറമ്പിൽ അഭിലാഷിനെയാണ് (35) ആശുപത്രി അധികൃതർ മാനസികമായി പീഡിപ്പിച്ചതായി പരാതി ഉയർന്നത്. ജന്മനാ 75 ശതമാനം അംഗപരിമിതനായ അഭിലാഷും അസുഖബാധിതയായ ഭാര്യ രേഷ്മയും 10 കിലോമീറ്റർ അകലെ വീട്ടിൽനിന്ന് എത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് കടതുറക്കാൻ ബന്ധുവിനെ ഏൽപിച്ചത്.
ഉച്ചക്കും വൈകീട്ടും ആശുപത്രിയിൽ ഭക്ഷണവിതരണമുള്ളതിനാൽ രാവിലെ മാത്രമേ കടയിൽ പേരിനെങ്കിലും കച്ചവടമുള്ളൂ. സുഹൃത്തുക്കളോട് കടംവാങ്ങിയും കുടുംബശ്രീയിൽനിന്ന് വായ്പ എടുത്തും ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അഭിലാഷ് കട തുടങ്ങിയത്. ബന്ധുവിനെ കടയിൽ നിർത്തുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്നും ഒഴിവാക്കിയില്ലെങ്കിൽ കരാർ പുതുക്കി നൽകില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചതായും പറയുന്നു.
തന്‍റെ കടബാധ്യതയും ആരോഗ്യപ്രശ്നങ്ങളും വിവാഹിതനാണെന്ന കാര്യവും അറിയിച്ചപ്പോൾ വിവാഹം കഴിച്ചതിനെ അധിക്ഷേപിക്കുകയും പെൻഷൻകൊണ്ട് ജീവിക്കാമല്ലോയെന്ന് പരിഹസിച്ചതായും അഭിലാഷ് പറയുന്നു. ബന്ധുവിനെ പറഞ്ഞുവിട്ടതോടെ ദിവസം മുഴുവൻ ഇരുന്നാൽ വീട്ടിലെത്താനുള്ള വാഹനകൂലിപോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇരുവർക്കും അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരുമാസം കട തുറക്കാനായില്ല.
ഇതിനെ തുടർന്ന് വായ്പ അടക്കാനുമായില്ല. കൈകാലുകൾ തളർന്ന തനിക്കും അസുഖബാധിതയായ ഭാര്യക്കും ഉപജീവനം നടത്താൻ കടയിൽ ഒരു സഹായിയെക്കൂടി ഒപ്പം കൂട്ടാൻ അധികൃതർ അനുവദിക്കണമെന്നാണ് അഭിലാഷിന്‍റെ ആവശ്യം. ആശുപത്രി പരിസരത്തെ വ്യാപാരികളും ചില ജനപ്രതിനിധികളും അഭിലാഷിനെതിരെ നീക്കം നടത്തുന്നതുമൂലമാണ് ഉദ്യോസ്ഥരിൽ ചിലർ ദ്രോഹനടപടി സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.