കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയാൻ ജില്ല ഭരണകൂടം നടപ്പാക്കുന്ന ‘ചിരട്ട’ കർമപരിപാടിക്ക് തുടക്കം. കർമപരിപാടിയുടെ ലോഗോ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, സഹോദയ, കുടുംബശ്രീ, റെസി. അസോസിയേഷനുകൾ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ശനിയാഴ്ച മുതൽ ആഗസ്റ്റ് 27 വരെയാണ് പരിപാടി.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് വളരുന്ന ഉറവിടങ്ങളായ ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും വിദ്യാർഥികൾ, ഓഫിസ്/കട ജീവനക്കാർ, വീട്ടുടമകൾ തുടങ്ങിയവർ നീക്കി അതിന്റെ ഫോട്ടോ മൊബൈൽ ആപ്ലിക്കേഷനിലൂടെ അയക്കുകയും ഇവ വകുപ്പുകൾ നിരന്തരം നിരീക്ഷിക്കുകയും മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിക്കുകയും ചെയ്യുന്നതാണ് പരിപാടി.
ഇതിനായി കോട്ടയം നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) നേതൃത്വത്തിൽ ‘കോട്ടയം ചലഞ്ച്’ പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. പരിപാടിയിൽ മികച്ചനിലയിൽ പങ്കാളികളാകുന്ന വിദ്യാലയങ്ങൾ, കടകൾ, ഓഫിസുകൾ, തോട്ടങ്ങൾ, വാർഡുകൾ എന്നിവക്ക് ജില്ല തലത്തിൽ പുരസ്കാരങ്ങൾ നൽകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ വി. വിഗ്നേശ്വരി, മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.
കോട്ടയം: കൊതുകിന്റെ ഉറവിടങ്ങൾ ഒഴിവാക്കാൻ വീടും പരിസരവും വൃത്തിയാക്കുന്ന ചിത്രങ്ങൾ ‘Kottayam Challenge’ എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെയാണ് അയക്കേണ്ടത്. അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം ഫോൺ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ വിലാസംനൽകി രജിസ്റ്റർ ചെയ്ത് ഫോട്ടോകൾ അപ്ലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ തദ്ദേശ സ്ഥാപനവും വാർഡും കൃത്യമായി തെരഞ്ഞെടുക്കണം. വിദ്യാലയങ്ങൾ, ഓഫിസുകൾ/ കടകൾ എന്നിവ അവരുടെ മേൽവിലാസം കൃത്യമായി രേഖപ്പെടുത്തണം. കൊതുകിന്റെ ഉറവിടങ്ങൾ നീക്കംചെയ്യുന്നതിനു മുമ്പും അതിനുശേഷവുമുള്ള ഫോട്ടോകളാണ് അപ്ലോഡ് ചെയ്യേണ്ടത്. സ്കൂളുകൾക്ക് വെള്ളിയാഴ്ചയും ഓഫിസുകൾ, കടകൾ, തോട്ടങ്ങൾ എന്നിവക്ക് ശനിയാഴ്ചയും വീടുകൾക്ക് ഞായറാഴ്ചയും കൊതുക് ഉറവിടങ്ങൾ നീക്കംചെയ്ത് ഫോട്ടോകൾ അയക്കാം. ശനിയാഴ്ച സ്കൂളുകളിലും മറ്റിടങ്ങളിലും കൊതുക് ഉറവിട നശീകരണ പരിപാടികൾ സംഘടിപ്പിച്ചതിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യാം. അഞ്ച് ആഴ്ചയിലും കൃത്യമായി പ്രവർത്തനം നടത്തി ഫോട്ടോ അയക്കുന്നവരിൽനിന്ന് മികച്ചവരെ കണ്ടെത്തിയാണ് പുരസ്കാരം നൽകുക.
അവാർഡ് നിർണയിക്കുന്നതിനു മുമ്പ് തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ, വാർഡുകൾ എന്നിവയിൽ പ്രവർത്തനം നടന്നുവെന്ന് ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് സ്ഥിരീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.