കോട്ടയം: നാട്ടകത്ത് കെ.എസ്.ഇ.ബി സ്ഥാപിച്ച ചാർജിങ് സ്റ്റേഷൻ പോസ്റ്റ് കാടുമൂടിയ നിലയിൽ. വാഹനങ്ങൾ ചാർജ് ചെയ്യാനെത്തുന്ന യാത്രികർ കാട് വെട്ടിത്തെളിക്കാനുള്ള ഉപകരണവുമായി എത്തേണ്ട ഗതികേടിലാണ്. ദിനംപ്രതി നിരവധി ഇലക്ട്രോണിക് വാഹനങ്ങൾ കടന്നുപോകുന്ന എം.സി റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചാർജിങ് പോയന്റാണിത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ചാർജിങ് പോയന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പോസ്റ്റിന് ചുറ്റും കാട് കയറിയതിനാൽ കടന്നുചെല്ലാൻ പറ്റാത്ത അവസ്ഥയാണ്.
എം.സി റോഡിൽ ചിങ്ങവനം, കുറിച്ചി ഔട്ട്പോസ്റ്റ്, മന്ദിരം കവല, പാലാത്ര തുടങ്ങിയ പ്രധാന റോഡരികുകളും കാടുമൂടിയ നിലയിലാണ്. രാത്രിയിൽ വാഹനം ചാർജ് ചെയ്യാനെത്തുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പാർക്കിങ്ങിന് വേണ്ട സൗകര്യമില്ലാത്ത സ്ഥലത്ത് വാഹനം നിർത്തുന്നതും അപകടത്തിന് ഇടയാക്കും. തുടർച്ചയായ അപകടങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന പ്രദേശത്ത് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് അപകടക്കെണിയാണ്.
മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും മഴക്കാലപൂർവ ശുചീകരണ ഭാഗമായും റോഡരികുകളിലെ കാടും മറ്റും തെളിച്ചിരുന്നു. ഇപ്പോൾ ഇവയെല്ലാം നിലച്ചമട്ടാണ്. ശോച്യാവസ്ഥ കണ്ടിട്ടും അധികൃതർ കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കാടുകൾ വെട്ടിത്തെളിച്ച് ചാർജിങ് പോയന്റുകൾ യാത്രക്കാർക്ക് ഉപകാരപ്രദമാക്കണമെന്ന ആവശ്യം ശക്തമാണ്. എം.സി റോഡിൽ നാട്ടകത്ത് സ്ഥാപിച്ച ചാർജിങ് സ്റ്റേഷന് എതിരെയാണ് നാട്ടുകാരുടെ പരാതിയേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.