കോട്ടയം: എം.ജി സർവകലാശാലയിൽനിന്ന് അടർത്തി മാറ്റി രൂപവത്കരിച്ച സീപാസ് (സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്) തിരികെ ഏറ്റെടുക്കണം എന്ന ആവശ്യത്തിൽ ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലയോട് റിപ്പോർട്ട് തേടി.
എം.ജി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എൻ. മഹേഷ് നൽകിയ പരാതിയിലാണ് ഗവർണറുടെ അടിയന്തര നടപടി. കഴിഞ്ഞ മാർച്ച് 18ന് സർവകലാശാലയിൽനിന്ന് പരിശോധനക്ക് എത്തിയ രജിസ്ട്രാർ അടക്കം ഉദ്യോഗസ്ഥ സംഘത്തിന് നേരെ സീപാസിലെ ഇടതു അധ്യാപക സംഘടന നേതാവിന്റെ നേതൃത്വത്തിൽ കൈയേറ്റ ശ്രമം ഉണ്ടായിരുന്നു. ഗവർണർക്ക് നൽകിയ പരാതിയിൽ ഇക്കാര്യവും ഉന്നയിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് ഏതാണ്ട് 1200 കോടി രൂപ ആസ്തി മൂല്യമുണ്ടായിരുന്ന സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ സീപാസ് എന്ന സൊസൈറ്റി രൂപവത്കരിച്ച് പത്ത് വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ കൈമാറിയത്. ഇത് സർവകലാശാലക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെച്ചിരുന്നു. 2017 ജൂൺ 19നായിരുന്നു സർവകലാശാലയും സീപാസുമായി കരാർ ഒപ്പിട്ടത്. അതനുസരിച്ചു കരാർ കാലാവധി 2027 ജൂണിൽ അവസാനിക്കും. കരാർ ഇനി പുതുക്കേണ്ടെന്നും സർവകലാശാലയുടെ ഭാവി വികസനത്തിനായി സ്ഥാപനങ്ങൾ സർവകലാശാല തിരിച്ചെടുക്കണമെന്നുമാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ചാൻസലറുടെ നിർദേശം അനുസരിച്ച് സർവകലാശാല നിലപാട് വ്യക്തമാക്കുമെന്നും ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.