പാലാ: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർപേഴ്സൻ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ് പാസായതോടെയാണ് ഭരണം കൈവിട്ടത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ 17 പേർ പിന്തുണച്ചു. ഇതിൽ നാല് കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടും.
പ്രതിപക്ഷത്തെ 12 പേർ ഒപ്പിട്ടാണ് തദ്ദേശ വകുപ്പ് ജോയന്റ് സെക്രട്ടറിക്ക് അവിശ്വാസ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽ.ഡി.എഫ് മുന്നണിക്ക് 12 കൗൺസിലർമാരാണുള്ളത്. കോൺഗ്രസ് -6, കേരള കോൺഗ്രസ് ജോസഫ്-3, കെ.ഡി.പി-1 എന്നതാണ് യു.ഡി.എഫ് കക്ഷിനില. കോൺഗ്രസ് വിമതയുടെയും സ്വതന്ത്ര മുന്നണിയിലെ മൂന്ന് അംഗങ്ങളുടെയും പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭ ഭരിക്കുന്നത്.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിച്ചത് സംബന്ധിച്ച് സ്വതന്ത്ര മുന്നണിയും കോൺഗ്രസ് വാർഡ് കൗൺസിലറും തമ്മിൽ വാക്കേറ്റവും നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. വാർഡ് കൗൺസിലർക്കെതിരെ നഗരസഭ ചെയർപേഴ്സൻ മോഷണക്കുറ്റം ആരോപിച്ചും ചട്ടം ലംഘിച്ച് ഓഫിസിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് നഗരസഭ സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിരുന്നു.
സ്വതന്ത്ര മുന്നണിയിലെ രണ്ട് അംഗങ്ങൾക്കെതിരെ മർദിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് വാർഡ് കൗൺസിലറും പരാതി നൽകി. കോൺഗ്രസ് ജില്ല നേതൃത്വം ഇടപെട്ടാണ് വലിയ പ്രശ്നത്തിന് പരിഹാരം നിർദേശിച്ചത്.
ചെയർപേഴ്സന്റെ നീക്കത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ചെയർപേഴ്സനു പിന്തുണയില്ലെന്ന തുറന്ന കത്ത് ജില്ല നേതൃത്വത്തിന് നൽകുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കൾ നടത്തിയ മാരത്തൺ ചർച്ചയിൽ ഒരു വിധം അസ്വാരസ്യങ്ങൾ കെട്ടടങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ കൗൺസിലിൽ ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുനൽകുന്ന വിഷയം അജണ്ടയായി ചർച്ചക്കെടുത്തത് കോൺഗ്രസ് അംഗങ്ങളെ വീണ്ടും ചൊടിപ്പിച്ചു.
കോൺഗ്രസ് എതിർപ്പ് അവഗണിച്ച് ചെയർപേഴ്സൻ വിഷയം വോട്ടിനിടുകയും ഇടതുപിന്തുണയോടെ പാസാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങൾ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതോടെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.