കോട്ടയം: മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ കോടിമത ജെട്ടിയിൽനിന്ന് വീണ്ടും ബോട്ട് സർവിസ്. വെള്ളിയാഴ്ച മുതലാണ് സർവിസിന് തുടക്കം. നദിയിൽ പോള നിറഞ്ഞതോടെ ഏപ്രിൽ 16 മുതൽ കോടിമതയിലേക്ക് ബോട്ടുകൾ എത്തിയിരുന്നില്ല. കോടിമത ബോട്ട് ജെട്ടി മുതൽ കാഞ്ഞിരം വെട്ടിക്കാട് മുക്കുവരെ പോള നിറഞ്ഞതിനാൽ കാഞ്ഞിരത്തുനിന്നായിരുന്നു കോട്ടയം-ആലപ്പുഴ സർവിസുകൾ. കോടിമതയിലെത്തുന്നവർ ബോട്ടിൽ കയറണമെങ്കിൽ കാഞ്ഞിരത്ത് എത്തേണ്ട സ്ഥിതിയായിരുന്നു.
പോള നീക്കംചെയ്ത് ജലപാത പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഇതോടെ നദീപുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴ തെളിച്ചിരുന്നു. ഇവർ പോള മുഴുവൻ നീക്കി പുഴയിലെ ഒഴുക്ക് സുഗമമാക്കിയെങ്കിലും ചുങ്കത്തുമുപ്പതിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പൊക്കുപാലം കേടായത് ബോട്ട് സർവിസ് പുനരാരംഭിക്കാൻ തടസ്സമായി. കഴിഞ്ഞദിവസം പൊക്കുപാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. ഇതോടെയാണ് വെള്ളിയാഴ്ച മുതൽ സർവിസ് ആരംഭിച്ചത്.
മഴ ശക്തമായി ഒഴുക്ക് വർധിച്ചതോടെ കായലിൽനിന്നുള്ള പോള വരവ് നിലച്ചതും ഗുണകരമായി. രാവിലെ 6.45ന് ആലപ്പുഴയിലേക്കാണ് ആദ്യ സർവിസ്. രാത്രി എട്ടിന് കോട്ടയത്ത് സർവിസ് അവസാനിപ്പിക്കും. ആലപ്പുഴ, കോട്ടയം സ്റ്റേഷനുകളുടെ മൂന്ന് ബോട്ടാണ് റൂട്ടിൽ സർവിസ് നടത്തുന്നത്. മൊത്തം 10 സർവിസാണ് കോട്ടയം-ആലപ്പുഴ റൂട്ടിലുള്ളത്.
കോടിമതയിലേക്കുള്ള സർവിസ് നിലച്ചത് ബോട്ടിനെ ആശ്രയിച്ചിരുന്ന വിദ്യാർഥികൾക്കും ദുരിതമായിരുന്നു. കോടിമതയിലേക്ക് ബോട്ട് എത്താത്തത് ജലഗതാഗത വകുപ്പിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. സഞ്ചാരികളും ബോട്ടുകളെ കൈവിട്ടിരുന്നു. വേനൽക്കാലത്ത് ഇത് വകുപ്പിന് വലിയ തിരിച്ചടിയുമായിരുന്നു. പോള നിറഞ്ഞു കിടക്കുന്നതുമൂലം ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.