കോട്ടയം: നഗരസഭ കൗൺസിൽ യോഗത്തിൽ ജി-ബിൻ വിതരണത്തെച്ചൊല്ലി തർക്കം. ഇതോടെ വിഷയം ചർച്ച ചെയ്യാൻ മാത്രമായി പ്രത്യേക കൗൺസിൽ വിളിക്കാൻ തീരുമാനം. ഇതടക്കം വിവിധ വിഷയങ്ങളിൽ രൂക്ഷമായ വാക്കേറ്റവും തർക്കവും നടന്നതോടെ അജണ്ടകളിൽ പകുതിപോലും പൂർത്തിയാകാതെ കൗൺസിൽ യോഗം അവസാനിച്ചു. യോഗങ്ങളെല്ലാം അനാവശ്യതർക്കങ്ങളിലും ചർച്ചകളിലും തട്ടിനീളുന്നത് പതിവായതോടെ നിരവധി വിഷയങ്ങൾ കൗൺസിലിന്റെ അനുമതി കാത്ത് കെട്ടിക്കിടക്കുന്നതായും പരാതിയുണ്ട്.
വ്യാഴാഴ്ച കൗൺസിൽ യോഗം ആരംഭിച്ചയുടൻ വൈസ് ചെയർമാൻ ബി. ഗോപകുമാറാണ് ജൈവമാലിന്യ സംസ്കരണത്തിനുള്ള ജി-ബിൻ വാങ്ങാനുള്ള തീരുമാനം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും എജൻസിയെ കണ്ടെത്തിയതിൽ സുതാര്യതയില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇതിനെ പിന്തുണച്ച് എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും രംഗത്തെത്തി. 1.07 കോടിക്ക് ജി-ബിൻ വാങ്ങാനുള്ള തീരുമാനം കൗൺസിലിന്റെ അംഗീകാരത്തോടെയല്ലെന്നും ആക്ഷേപമുയർന്നു.
എജൻസിയെ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥരുടെ താൽപര്യത്തിന് വഴങ്ങിയാണ് തീരുമാനമെന്നും കോൺഗ്രസ് കൗൺസിലർമാരടക്കം പരാതിപ്പെട്ടു.
പർച്ചേസ് കമ്മിറ്റിയിൽ മാത്രമാണ് ചർച്ച ചെയ്തതെന്നും കൗൺസിലർമാർ പറഞ്ഞു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണെന്നും നേരത്തേ തന്നെ ഇതിന് അനുമതി ലഭിച്ചിരുന്നുവെന്നും ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ വിശദീകരിച്ചെങ്കിലും അംഗങ്ങൾ അംഗീകരിച്ചില്ല.
പർച്ചേസ് കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ഇവർ ചൂണ്ടിക്കാട്ടിയെങ്കിലും കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തു. ഇതോടെ പ്രത്യേക കൗൺസിൽ വിളിച്ച് ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് മുന്നിലെ ടേക് ആൻഡ് ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പിനായി കരാർ നൽകിയതിൽ വഴിവിട്ട നീക്കമുണ്ടായെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ടെൻഡർ നടപടികൾ രഹസ്യമാക്കിയതായും കുടുംബശ്രീകൾക്കൊന്നും വിവരം കൈമാറിയില്ലെന്നും ഇവർ പറഞ്ഞു. ഇതിനെച്ചൊല്ലി സി.പി.എമ്മിലെ അഡ്വ. ഷീജ അനിലും ചെയർപേഴ്സനും തമ്മിൽ വാക്കേറ്റം നടന്നു.
നഗരസഭയിൽ ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് തടസ്സം സൃഷ്ടിക്കുന്നതെന്ന് ചെയർപേഴ്സൻ ആരോപിച്ചു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഏജൻസിയെ തീരുമാനിച്ചതെന്നും തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
വടവാതൂരിലെ മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് മുൻ നടത്തിപ്പുകാരായ രാംകി കമ്പനിയുമായി നടക്കുന്ന കേസിൽ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്ന നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യവും യോഗത്തിൽ ചർച്ച ചെയ്തു. നിലവിൽ കേസ് ആർബിട്രേഷനായി വിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ആർബിട്രേഷൻ ഫീസിൽ കുറവ് വരുത്താനായി നഷ്ടപരിഹാരത്തുക കുറക്കണമെന്ന നിർദേശം നഗരസഭയുടെ അഭിഭാഷകനാണ് മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കരുതെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതിൽ കൂടുതൽ നിയമോപദേശം തേടാൻ തീരുമാനിച്ചു.
കോട്ടയം: പൈപ്പിലൂടെ പ്രകൃതിവാതകം (പൈപ്പ്ഡ് നാച്വറൽ ഗ്യാസ് -പി.എൻ.ജി)അടുക്കളകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും കൗൺസിലിന്റെ അനുമതികാത്ത് ‘ക്യൂവിൽ’. നഗരസഭയിൽ ആറുമാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് അനുമതിതേടി പദ്ധതി നടപ്പാക്കുന്ന കമ്പനി നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇത് കഴിഞ്ഞ മൂന്ന് കൗൺസിലിൽ യോഗങ്ങളിലും അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ചർച്ചക്ക് എടുക്കാനായില്ല.
തർക്കങ്ങളും അനാവശ്യചർച്ചകളും സമയം അപഹരിക്കുന്നതോടെ അടുത്ത യോഗത്തിലേക്ക് ഇതടക്കമുള്ള അജണ്ടകൾ മാറ്റുന്നതാണ് പതിവ്. വ്യാഴാഴ്ചയും തർക്കങ്ങളിൽ അംഗങ്ങൾ മുഴുകിയതോടെ സിറ്റി ഗ്യാസ് പദ്ധതിയിൽ ചർച്ചയുണ്ടായില്ല. അജണ്ടകൾ കെട്ടിക്കിടക്കുന്നതായി യോഗത്തിൽ ചെയർപേഴ്സൻ ചൂണ്ടിക്കാട്ടിയെങ്കിലും കാര്യങ്ങൾക്കൊന്നും മാറ്റമുണ്ടായില്ല. സിറ്റി ഗ്യാസ് അടക്കമുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ശനിയാഴ്ച കൗൺസിൽ വിളിക്കുമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
നഗരസഭയിലെ 52 വാർഡിലാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വീടുകൾ കയറിയുള്ള സർവേയും ബുക്കിങ്ങും പുരോഗമിക്കുകയാണ്. ഷോല ഗ്യാസ്കോ കമ്പനിയാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ 24 മണിക്കൂറും അടുക്കളയിൽ പ്രകൃതിവാതകം ലഭ്യമാകും. കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റിൽനിന്ന് പൈപ്പ് ലൈൻ വഴിയാണ് വാതകമെത്തിക്കുക.
പൈപ്പ് ലൈൻ പൂർത്തിയാകുന്നതുവരെ കളമശ്ശേരിയിലെ പ്ലാന്റിൽനിന്ന് വാഹനത്തിലെത്തിച്ച് ജില്ലയിലെ സ്റ്റേഷനിൽ ശേഖരിക്കുകയും പ്രാദേശിക പൈപ്പ്ലൈനുകൾ വഴി വീടുകളിലെത്തിക്കുകയുമാണ് ചെയ്യുന്നത്. വാതകം സൂക്ഷിക്കാനുള്ള ടാങ്ക് സ്ഥാപിക്കാൻ നാട്ടകത്തും എം.സി. റോഡിനരികിലുമായി ഒന്നര ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അനുയോജ്യമായ സ്ഥലത്തായിരിക്കും ടാങ്ക് നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.