കറുകച്ചാൽ: സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ ബസ്സ്റ്റാൻഡിൽ തമ്മിൽ തല്ലി. രണ്ടുപേർക്ക് പരിക്ക്. കോട്ടയം-കോഴഞ്ചേരി റോഡിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും സ്വകാര്യ ബസിലെ കണ്ടക്ടറും തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ എസ്. ബിനു (45) കറുകച്ചാൽ ഗവ.ആശുപത്രിയിലും സ്വകാര്യ ബസ് കണ്ടക്ടർ ജിനോ (32) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
ചൊവ്വാഴ്ച രാവിലെ 11.30ന് കറുകച്ചാൽ ബസ്സ്റ്റാൻഡിലായിരുന്നു സംഭവം. ഇരുബസുകളും കോട്ടയത്തുനിന്ന് മല്ലപ്പള്ളിക്ക് പോകുകയായിരുന്നു. സ്റ്റാൻഡിൽനിന്ന് ഇറങ്ങിയപ്പോൾ സ്വകാര്യ ബസ് തടസ്സം സൃഷ്ടിച്ച് മുന്നിൽ നിർത്തിയത് കെ.എസ്.ആർ.ടി.സി ഡ്രൈവർ ചോദ്യം ചെയ്തു. ഇതോടെ വാക്തർക്കം ഉണ്ടാകുകയും അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു. സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് മുന്നിൽ സർവീസ് നടത്തുന്നതിനെതിരെ നിരവധി പരാതികൾ അധികാരികൾക്ക് നൽകിയിട്ടുള്ളതാണ്.
കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാർഗതടസ്സം സൃഷ്ടിക്കുക, വനിത ജീവനക്കാരെ അടക്കം അസഭ്യം പറയുക തുടങ്ങിയ നിരവധി പരാതികൾ കറുകച്ചാൽ, കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനുകളിൽ നൽകിയിട്ടുണ്ട്. എന്നാൽ, അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടികളും സ്വീകരിക്കുന്നില്ല. കെ.എസ്.ആർ.ടി.സി ഡ്രൈവർ ബിനുവും കണ്ടക്ടർ ദേവുവും കറുകച്ചാൽ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.