മീനച്ചിലാറ്റിലെ പാറക്കെട്ടിൽ കണ്ടെത്തിയ ചാരായ നിർമാണ കേന്ദ്രം
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അടിവാരം ഭാഗത്ത് മീനച്ചിലാറിെൻറ തീരത്ത് ചാരായ നിർമാണ യൂനിറ്റ് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് പി. പിള്ളയുടെ നേതൃത്വത്തിൽ കണ്ടെത്തി. പെരിങ്ങളം, അടിവാരം ഭാഗങ്ങളിൽ വോട്ടെടുപ്പ് ദിവസം വിതരണം ചെയ്യാൻ ചാരായം സംഭരിക്കുന്നുണ്ടെന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ , കെ.വി. വിശാഖ് എന്നിവർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്.
മീനച്ചിലാറ്റിലെ പാറക്കെട്ടിൽ ഷെഡ് ഉണ്ടാക്കി, ഗ്യാസ് അടുപ്പിൽ വലിയ വാറ്റുകലവും സംവിധാനങ്ങളുമായി പ്രതിദിനം 50 ലിറ്ററോളം ചാരായം ഉണ്ടാക്കാൻ ശേഷിയുള്ള ചാരായ യൂനിറ്റാണ് എക്സൈസ് കണ്ടെത്തിയത്. റെയ്ഡിൽ 200 ലിറ്റർ വാഷും മൂന്ന് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ഗ്യാസ് സിലിണ്ടറും പിടികൂടി. നടത്തിപ്പുകാരെപ്പറ്റി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിലും റെയ്ഡിലും മറ്റ് മൂന്ന് കേസുകളിലായി 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, നാല് ലിറ്റർ ബിയർ, നാലു ലിറ്റർ കള്ളും പിടികൂടി. തീക്കോയി ടൗണിൽ ഫേസ് ലുക് ജെൻസ് ബ്യൂട്ടി പാർലർ നടത്തുന്ന വെള്ളിക്കുളം കരയിൽ പി.എ. രഘുവിനെ 10 ലിറ്റർ മദ്യവുമായും കീഴമ്പാറ കരയിൽ ബേബിച്ചൻ തോമസിനെ അളവിൽ കൂടുതൽ ബിയറുമായും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.