ര​വി​

14 വർഷമായി രവിയും ഭാര്യയും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട്

കോട്ടയം: നഗരത്തിലെ മുതിർന്ന പത്ര ഏജന്‍റായ ആർ. രവിയും ഭാര്യ സുശീലയും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ട് വർഷം 14 ആയി. തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, നഗരത്തിലെയോ കുടുംബങ്ങളിലെയോ സന്തോഷ കൂട്ടായ്മകളിലൊന്നിലും ഇവരുണ്ടാവാറില്ല. കൃത്യമായി പറഞ്ഞാൽ, മകനിറങ്ങിപ്പോയ ആ രാത്രിക്കു പിന്നാലെ ഉറക്കം നഷ്ടപ്പെട്ട് ഒറ്റക്ക് അലഞ്ഞ നാളുകൾക്കൊടുവിലാണ് ഇനി ഒന്നിനുമില്ലെന്ന് നിരാശയോടെ തീരുമാനിച്ചത്.

2011 ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് മകൻ അനീഷ് കുമാർ (ബിനു-30) വീട്ടിൽനിന്നുപോയത്. കൂട്ടുകാരൻ വന്നുവിളിച്ചുകൊണ്ടുപോവുകയായിരുന്നു. ആദ്യദിനം കൂട്ടുകാരുടെ വീട്ടിലും പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം അന്വേഷിച്ചു. രണ്ടാംദിവസം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതെല്ലാം പതിവുചടങ്ങുകൾ പോലെ. മകനെ കണ്ടുപിടിക്കാൻ ആവുന്നതെല്ലാം ആ പിതാവ് ചെയ്തു.

മലയാളത്തിലെ എല്ലാ പത്രങ്ങളിലും പരസ്യം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ മകനെ കണ്ടെന്നുകേൾക്കുമ്പോൾ അവിടെച്ചെന്നും പത്രങ്ങളിൽ പരസ്യം ചെയ്തു. ഹേബിയസ് കോർപസ് നൽകിയിട്ടും ഫലമുണ്ടായില്ല. എം.പി. ദിനേശ് എസ്.പി ആയിരിക്കെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ റിപ്പോർട്ട് നൽകിയെങ്കിലും ആരുടെയോ ഇടപെടലിൽ ഒന്നും നടന്നില്ല. മകനെ വിളിച്ചുകൊണ്ടുപോയ സുഹൃത്ത് പിന്നീട് ആത്മഹത്യ ചെയ്തതായി കേട്ടു.

മകനെ കാണാതായതോടെ മാതാവ് മാനസികമായും ശാരീരികമായും തളർന്ന് വീടിന്‍റെ നാലുചുമരുകൾക്കുള്ളിലൊതുങ്ങി. പത്രം ഏജൻസിയുള്ളതുകൊണ്ട് രവി കൃത്യമായി രാവിലെയും വൈകീട്ടും തിരുനക്കര മൈതാനത്തെത്തും. ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട പാവപ്പെട്ട കച്ചവടക്കാരുടെ പുനരധിവാസത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത് അദ്ദേഹമാണ്. ഇനി കടക്കാരുടെ വിഷയത്തിൽ തീരുമാനമാവട്ടെ. എന്നിട്ട് വോട്ട് ചെയ്യുന്ന കാര്യം ആലോചിക്കാമെന്നാണ് രവി പറയുന്നത്. 

Tags:    
News Summary - a couple boycotted election after their son's missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.