കോട്ടയം: ജില്ലയിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചിട്ടും വിരിപ്പുകൃഷിയുടെ പണം കിട്ടാത്തതിനാൽ കർഷകർ നിരാശയിൽ. 35.60 കോടിയാണ് കര്‍ഷകര്‍ക്ക് കുടിശ്ശിക. 73 കോടിയുടെ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇതിൽ 37.31 കോടിയാണ് വിതരണം ചെയ്തത്. ചങ്ങനാശ്ശേരി താലൂക്കിൽ മാത്രമാണ് തുക പൂർണമായി ലഭ്യമായത്.
ജില്ലയിൽ വിരിപ്പുകൃഷിയെക്കാൾ പുഞ്ചകൃഷിയാണ് കൂടുതൽ. വിരിപ്പുകൃഷിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണ് കർഷകർ പുഞ്ചകൃഷി ചെയ്യുന്നത്. എന്നാൽ, കൊയ്ത്ത് തുടങ്ങിയിട്ടും സർക്കാർ കനിയാത്തത് ഇവരെ ആശങ്കയിലാക്കി. കടം വാങ്ങിയാണ് ഭൂരിഭാഗം പേരും കൃഷിയൊരുക്കം നടത്തിയത്. കൊയ്ത്തുയന്ത്രം കൃത്യസമയത്ത് എത്തിച്ച് വിളവെടുപ്പ് പൂർത്തിയാക്കലാണ് അടുത്ത ചെലവുള്ള പണി. മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് കൊയ്ത്തുയന്ത്രം എത്തിക്കുന്നത്.
സ്ഥിരമായി വരുന്നവരായതിനാൽ കൊയ്ത്തിനു ശേഷമാണ് പണം നൽകിയിരുന്നത്. കൊയ്ത്തുയന്ത്രങ്ങൾക്ക് പമ്പുകളില്‍നിന്ന് ഡീസലും കടം നൽകിയിരുന്നു. എന്നാൽ, സർക്കാർ നടപടികൾ ഇഴയുന്നതിനാൽ പണം മുൻകൂട്ടി നൽകണമെന്നാണ് കൊയ്ത്തുയന്ത്രത്തിന്‍റെ ഉടമകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പമ്പുകളില്‍നിന്ന് ഡീസൽ കടം നൽകുന്നതും നിർത്തിവെച്ചു.
നേരത്തേ ബുക്ക് ചെയ്തില്ലെങ്കിൽ മാർച്ചിൽ കൊയ്ത്ത് സജീവമാകുന്നതോടെ യന്ത്രങ്ങൾ കിട്ടാത്ത അവസ്ഥ വരും. പിന്നീട് വാടക ഉയർത്തുകയും ചെയ്യും. മണിക്കൂറിന് 2000 രൂപവരെ ഇപ്പോൾ ഈടാക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് കൊയ്ത്തുയന്ത്രമുണ്ടെങ്കിലും ഭൂരിഭാഗവും കട്ടപ്പുറത്താണ്. കൊയ്ത്തുകാലത്ത് കര്‍ണാടകയിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള യന്ത്രങ്ങൾ തന്നെയാണ് കർഷകർക്ക് ആശ്രയം.
കോട്ടയം: സംസ്ഥാന സർക്കാർ നെല്ലിനു നൽകുന്ന അടിസ്ഥാന വില വർധിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെകട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു. അരിവിലയിൽ വൻവർധന വന്നപ്പോഴും രണ്ടുവർഷമായി സംസ്ഥാന സർക്കാർ വില കൂടിയിട്ടില്ല. നിലവിൽ 28.20 പൈസയാണ് ഒരു കിലോ നെല്ലിനു കിട്ടുന്നത്.
ഇതിൽ 20.40 രൂപ കേന്ദ്രവിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. സംസ്ഥാന വിഹിതം വർധിപ്പിച്ചാൽ നെല്ലിന് 30 രൂപവരെ കർഷകനു കിട്ടും. എല്ലാ വർഷവും ബജറ്റിൽ നെല്ല് സംഭരണത്തിനു തുക വകയിരുത്താറുണ്ട്. ഇത്തവണ അതുണ്ടാകാതിരുന്നതും കർഷകന് തിരിച്ചടിയായെന്ന് എബി ഐപ്പ് പറഞ്ഞു.
കോട്ടയം -20.07 കോടി
വൈക്കം -15.35 കോടി
കാഞ്ഞിരപ്പള്ളി -31 ലക്ഷം
മീനച്ചിൽ -15.04 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.