121 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി; പുതിയത്​ നൽകാൻ നടപടി തുടങ്ങി

തൊടുപുഴ: ദേവികുളം താലൂക്കിലെ വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പിന്‍റെ നടപടികൾ പുരോഗമിക്കുന്നു. ഒമ്പത്​ വില്ലേജുകളിലായി നൽകിയ 530 പട്ടയങ്ങളിൽ 121 എണ്ണം ഇതിനകം റദ്ദാക്കി. ഇവരിൽനിന്ന്​ അപേക്ഷ സ്വീകരിച്ച്​ പുതിയ പട്ടയം നൽകാനുള്ള നടപടികളും ആരംഭിച്ചു. 1999ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ​ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത്​ വി​ല്ലേജുകളിലെ 4251 ഹെക്ടർ സ്ഥലത്തിന്​ നൽകിയ​ 530 പട്ടയങ്ങൾ റദ്ദാക്കാൻ കഴിഞ്ഞ ജനുവരി 18നാണ്​ റവന്യൂ വകുപ്പ്​ അഡീഷനൽ ചീഫ്​ സെക്രട്ടറി ഉത്തരവിട്ടത്​. ​ഇതിന്‍റെ നടപടിക്രമങ്ങൾക്കായി 40ലധികം റവന്യൂ ഉദ്യോഗസ്ഥരെ ഇടുക്കിയിലേക്ക്​ നിയോഗിക്കുകയും ചെയ്തു. 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത്​ സാധ്യമല്ലെന്ന്​ വന്നതോടെ മൂന്ന്​ മാസം കൂടി അനുവദിച്ചു. രവീന്ദ്രൻ പട്ടയവുമായി ബന്ധപ്പെട്ട 353 ഫയലുകൾ ഇതുവരെ പരിശോധിച്ചു. ഹിയറിങ്ങിന്​ ഹാജരാകാൻ ആവശ്യപ്പെട്ട്​ 486 പേർക്കാണ്​ നോട്ടീസ്​ അയച്ചത്​. ഇതിൽ 368 പേർ ഹാജരായി. തുടർന്നാണ്​ 121 പട്ടയം റദ്ദാക്കിയത്​. ഇവരിൽ 40ഓളം പേർ പുതിയ പട്ടയത്തിന്​ അപേക്ഷിച്ചിട്ടുണ്ട്​. കെ.ഡി.എച്ച്​, കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലാണ്​ ഹിയറിങ്​ നടപടികൾ അവശേഷിക്കുന്നത്​. ഇത്​ ജൂലൈ പകുതിക്ക്​ മുമ്പ്​ പൂർത്തിയാകുമെന്ന്​ റവന്യൂ അധികൃതർ അറിയിച്ചു. റദ്ദാക്കിയവക്ക്​ പകരം പട്ടയം നൽകാൻ ഫീൽഡ്​ സർവേ അടക്കം നടപടികൾക്കായി പ്രത്യേകം സർവേയർമാരെ നിയോഗിച്ചിട്ടുണ്ട്​. നിശ്ചിത സമയത്തിനകംതന്നെ അനധികൃത പട്ടയങ്ങൾ റദ്ദാക്കി അപേക്ഷകർക്ക്​ പുതിയ പട്ടയം നൽകാനുള്ള തീവ്രശ്രമമാണ്​ നടക്കുന്നത്​. പട്ടയത്തിന്‍റെ മറവിൽ ഇടനിലക്കാരുടെ ചൂഷണം തടയാനും നടപടി എടുത്തിട്ടുണ്ട്​. പട്ടയം ആവശ്യമുള്ളവർ നേരിട്ട്​ താലൂക്ക്​ ഓഫിസുകളിൽ എത്തി തിരിച്ചറിയൽ രേഖകൾ ഹാജരാക്കി അപേക്ഷ സമർപ്പിക്കണമെന്നാണ്​ നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.