വൈക്കം നഗരസഭ പരിധിയിലെ ഇ-വേസ്റ്റ് കലക്ഷൻ ഡ്രൈവ് നഗരസഭ അധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തപ്പോൾ
കോട്ടയം: കുമിയുന്ന ഇ-മാലിന്യം എന്തുചെയ്യുമെന്ന ചിന്ത ഇനി വേണ്ട. ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഇ-വേസ്റ്റ് കലക്ഷൻ ഡ്രൈവിന്റെ ആദ്യഘട്ടം വിജയം. തദ്ദേശ വകുപ്പ്, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ ചേർന്ന് നടപ്പാക്കിയ ഇ-വേസ്റ്റ് കലക്ഷൻ ഡ്രൈവിന്റ ഭാഗമായി ജില്ലയിൽ മൂന്നു തദ്ദേശ സ്ഥാപനത്തിൽനിന്നായി ഹരിതകർമ സേനാംഗങ്ങൾ നീക്കിയത് 11 ടൺ ഇ-മാലിന്യം. ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിൽനിന്ന് മൂന്ന് ടൺ വീതവും കുറിച്ചി പഞ്ചായത്തിൽനിന്ന് അഞ്ച് ടണ്ണും ഇ-വേസ്റ്റാണ് മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നീക്കിയത്.
സംസ്ഥാനത്താകെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളെയാണ് ആദ്യഘട്ടം എന്ന നിലക്ക് ഇ-മാലിന്യം ശേഖരിക്കാൻ തെരഞ്ഞെടുത്തത്. അതിൽ മൂന്നെണ്ണം കോട്ടയം ജില്ലയിലേതാണ്. ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളും കുറിച്ചി പഞ്ചായത്തും. ബാക്കി രണ്ട് തദ്ദേശസ്ഥാപനങ്ങൾ തൃശൂർ ജില്ലയിലേതാണ്. ഇ-മാലിന്യത്തിന് വില നൽകിയാണ് ശേഖരിക്കുന്നത്. പിന്നീട് ശാസ്ത്രീയ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
എൽ.സി.ഡി, എൽ.ഇ.ഡി ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, ഇൻഡക്ഷൻ കുക്കർ, വാട്ടർ കൂളർ, ലാപ്ടോപ് തുടങ്ങി 44 ഇനങ്ങളാണ് ശേഖരിക്കുന്നത്. ഓരോന്നിനും വില നിശ്ചയിച്ചിട്ടുണ്ട്. തൂക്കം കണക്കാക്കി വില നൽകും. സി.എഫ് ലാമ്പ്, ട്യൂബ് ലൈറ്റ്, മാഗ്നെറ്റിക് ടേപ്, ഫ്ലോപ്പി, ലൈറ്റ് ഫിറ്റിങ്സ് തുടങ്ങിയ ആപത്കരമാലിന്യത്തിന് വില ലഭിക്കില്ല. ഇവ ശേഖരിക്കുന്നതിന് അതത് തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് പണം നൽകണം.
ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നുവരെ നടത്തിയ ചങ്ങനാശ്ശേരി നഗരസഭയിലെ 37 വാർഡിൽനിന്ന് 3033.62 കിലോ ഇ-മാലിന്യം നീക്കി. ഫെബ്രുവരി 23 മുതൽ 27 വരെ കുറിച്ചി പഞ്ചായത്തിലെ 20 വാർഡിൽനിന്നായി 5250.1 കിലോ ഇ-മാലിന്യം നീക്കി. ഒന്നാം വാർഡിൽ നിന്നുമാത്രം 853 കിലോ ശേഖരിച്ചു. വൈക്കം നഗരസഭയിലെ 26 വാർഡിലായിരുന്നു ഡ്രൈവ്. 3072.836 കിലോ ഇ-മാലിന്യം ശേഖരിച്ചു. ഫെബ്രുവരി 22 മുതൽ മാർച്ച് നാലു വരെയാണ് വൈക്കത്ത് ഡ്രൈവ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.