ഗുണ്ടുമലയിലെ കൊലപാതകം: പ്രതികളെ ഝാർഖണ്ഡിൽ നിന്ന്​ പിടികൂടി

മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി സ്വദേശത്തേക്ക് കടന്ന പ്രതികൾ പിടിയിൽ. ഝാർഖണ്ഡ്​ മിഞ്ചിക്കൽ സ്വദേശി ശരൺ സോയിയെ (29) കൊലപ്പെടുത്തിയ കേസിൽ ഡാബൂ ചാമ്പിയ, ഷാദേവ് ലാങ് എന്നിവരെ ഝാർഖണ്ഡിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഞായറാഴ്ച മൂന്നാറിലെത്തിക്കും.
കൊലപാതകം നടത്തിയശേഷം നാടുവിട്ട ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകിയിരുന്നു. ശാന്തൻപാറ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.ഡി. അനൂപ് മോന്‍റെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് ഝാർഖണ്ഡിലേക്ക് പോയത്. ഗുണ്ടുമല എസ്റ്റേറ്റിലെ തൊഴിലാളികളായ ശരൺ സോയ്, ഡാബു, ഷാദേവ് എന്നിവർ കഴിഞ്ഞ 23ന് വൈകീട്ട് മദ്യപിച്ചശേഷം അടിപിടികൂടിയിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.
തൊട്ടടുത്ത ദിവസം മൂവരെയും കാണാതായതോടെ പൊലീസിൽ പരാതിയും നൽകി. 24ന് വൈകീട്ടാണ് ശരൺ സോയിയുടെ മൃതദേഹം തോട്ടത്തിൽ കണ്ടെത്തിയത്. തലയുടെ ഒരുഭാഗം തകർന്നും ഒരുകണ്ണ് ചൂഴ്​ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹം. ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ടവർ പൊലീസ് പരിശോധിച്ചപ്പോൾ 25ന് ഇവർ തമിഴ്​നാട്ടിലെ തിരുപ്പൂരിൽ എത്തിയതായി മനസ്സിലായി. എന്നാൽ, പൊലീസ് എത്തിയപ്പോഴേക്കും കടന്നു.
25ന് ചെന്നൈയിലും തുടർന്ന് നാട്ടിലേക്കുമുള്ള യാത്രയിലാണെന്നും പൊലീസ് മനസ്സിലാക്കി. ഇതോടെയാണ് അഞ്ചംഗ പൊലീസ് സംഘം ഝാർഖണ്ഡിലേക്ക് പുറപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.