ബംഗളൂരു: ബംഗളൂരുവിൽ പെറ്റമ്മയെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി മകൻ. ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ക്രൂരമായ സംഭവം നടന്നത്. 75 വയസ്സുള്ള സാവിത്രമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ (ദശരഥ്) പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്ന് തളർന്ന മാതാവിനെ നോക്കാൻ തനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ചികിൽസക്ക് പണമില്ലാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും വെങ്കിടേഷ് മൊഴി നൽകി.
‘പത്ത് വർഷം മുമ്പ് അച്ഛൻ മരിച്ചതിന് ശേഷം അമ്മയെ നോക്കിയിരുന്നത് ഞാനാണ്. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്നതോടെ അമ്മ പൂർണ്ണമായും കിടപ്പിലായി. അമ്മയെ പരിചരിക്കാനായി എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ആരോഗ്യനിലയിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ജീവിതം ദുസ്സഹമായി മാറുകയായിരുന്നു’ വെങ്കിടേഷ് പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. ആദ്യത്തെ നിലയിലാണ് വെങ്കിടേഷും അമ്മയും താമസിച്ചിരുന്നത്. അവിടെ നിന്നും അമ്മയെ എടുത്ത് നാലാം നിലയിലെത്തിച്ച ശേഷം താഴേക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന്റെ പിന്നിൽ നിന്ന് വലിയ ശബ്ദം കേട്ട് വീട്ടുടമസ്ഥനായ വിക്രം ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സാവിത്രമ്മയെ കണ്ടത്. അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. താഴത്തെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമസ്ഥൻ വിക്രം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വെങ്കിടേഷിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തത്.
മാതാവിനോടുള്ള സ്നേഹം ഒടുവിൽ കൊടുംക്രൂരതയിലേക്ക് വഴിമാറിയ ദാരുണമായ കാഴ്ചയാണിതെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തിക ബാധ്യതകളും അമ്മയുടെ അസുഖം ഭേദമാകില്ലെന്ന തിരിച്ചറിവുമാണ് പ്രതിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.