കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ചെറൂട്ടി കോൺവന്റ് റോഡിലെ പളളിയുടെ പരിസരത്ത് വെച്ചാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തീർഥാടക സംഘത്തിന്റെ ഭാഗമായി കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് ശിശുവിനെ പ്രസവിച്ചതെന്നു പൊലീസ് കണ്ടെത്തി. ഇതനുസരിച്ച്, പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ (25) എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തി.
പളളിയുടെ പിന്നിലെ സ്ഥലത്ത് പ്രസവിച്ചെന്നാണു യുവതി നൽകിയ മൊഴി. ആറുമാസം ഗർഭിണിയായ ഫ്രാങ്കോയെ തീർഥാടക സംഘം ഒപ്പം കൊണ്ടു പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും ഫ്രാങ്കോ നിർബന്ധപൂർവം ഒപ്പം കൂടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പള്ളിയുടെ പരിസരത്തു വച്ച് വേദന ഉണ്ടായി, ഉടൻ പ്രസവിച്ചു. എന്നാൽ, ഇത്, തീർഥാടക സംഘത്തിലെ മറ്റുള്ളവർ അറിഞ്ഞാൽ കുഴപ്പമാകുമെന്നു ഫ്രാങ്കോ കരുതി, മരിച്ചനിലയിൽ കുഞ്ഞിനെ കണ്ടതിനാൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴിയിൽ പറയുന്നത്.
തീർഥാടക സംഘത്തിലെ യുവാവാണ് ബുധനാഴ്ച വൈകിട്ടോടെ പളളിയുടെ പരിസരത്ത് മൃതദേഹം കണ്ടത്. പള്ളി വികാരിയെ അറിയിച്ചതോടെ ഉടൻ തന്നെ പള്ളി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പൊക്കിൾക്കൊടി അറുത്ത നിലയിലായിരുന്നു ശിശുവിന്റെ മൃതദേഹം.
ഫ്രാങ്കോയുടെ ഭർത്താവും ഒന്നരവയസ്സുള്ള മകളും ഭർത്താവിന്റെ മാതാവും അമ്മൂമ്മയും തീർഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരെ വിവരം അറിയിച്ചിരുന്നില്ല എന്നാണു സൂചനയെന്ന് പൊലീസ് പറഞ്ഞു. പ്രസവശേഷം ടൂറിസ്റ്റ് ബസിൽ കയറി ഇരുന്ന ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷീണിതയായി കണ്ട ഫ്രാങ്കോയെ കോട്ടപ്പുറം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും. സമീപത്ത് ആശുപത്രികൾ ഉണ്ടായിട്ടും യുവതി ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും ബന്ധുക്കളെയും അറിയിക്കാതെ പ്രസവിച്ചതാണ് ദുരൂഹതയാകുന്നത്.
യുവതിയെയും കുടുംബാംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇതിൽ വ്യക്തത വരുമെന്നാണു പ്രതീക്ഷ. ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് ടൗൺ പൊലീസിന്റെ അന്വേഷണം നടത്തുന്നത്. ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 13 ടൂറിസ്റ്റ് ബസുകളിലാണ് പാലക്കാട് നിന്നുളള തീർഥാടക സംഘം കോഴിക്കോട് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.