ചായക്കപ്പ് പൊട്ടിച്ചതിന് മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് മുംബൈ കോടതി ജീവപര്യന്തം തടവ് വിധിച്ചു

മുംബൈ: ചായക്കപ്പ് പൊട്ടിച്ചതിന് കാമുകിയുടെ മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 44 കാരന് മുംബൈ സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. മുംബൈയിലെ ഘാട്‌കോപ്പർ സ്വദേശി നിതിൻ പത്താരെക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് ജാദവ് ശിക്ഷ വിധിച്ചത്. 2017-ൽ നടന്ന കൊലപാതകത്തിൽ ഒൻപത് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. . 

2017 സെപ്റ്റംബർ 28-ന് മുംബൈയിലെ ഘാട്‌കോപ്പറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട അഹിൽ എന്ന മൂന്ന് വയസ്സുകാരൻ കളിക്കുന്നതിനിടെ ചായക്കപ്പ് പൊട്ടിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. നിതിൻ പത്താരെ കുട്ടിയെ ബെൽറ്റ് ഉപയോഗിച്ച് അതിക്രൂരമായി മർദ്ദിക്കുകയും നിലത്തടിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കുറ്റം മറച്ചുവെക്കാൻ പത്താരെ കുട്ടിയുടെ മൃതദേഹം കല്യാണിന് സമീപമുള്ള ഹാജി മലംഗ് എന്ന വിജനമായ സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചുമൂടി. പിന്നീട് മൃഗങ്ങൾ മൃതദേഹം പുറത്തെടുക്കാതിരിക്കാൻ മറ്റൊരു ദിവസം അവിടെ തിരിച്ചെത്തി കൂടുതൽ ആഴമുള്ള കുഴിയെടുത്ത് മൃതദേഹം മാറ്റുകയും ചെയ്തു.

കൊലപാതകം നടക്കുമ്പോൾ അഞ്ച് വയസ്സുകാരിയായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയാണ് കേസിൽ പ്രധാന സാക്ഷിയായത്. തന്റെ കൺമുന്നിൽ വെച്ച് സഹോദരനെ മർദിക്കുന്നത് കണ്ട പെൺകുട്ടി കോടതിയിൽ നൽകിയ കൃത്യമായ മൊഴി പ്രതിക്കെതിരെയുള്ള ശക്തമായ തെളിവായി മാറി. കുട്ടിയുടെ മൊഴി വിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. തലക്കേറ്റ പരിക്കും ശ്വാസം മുട്ടിയതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

പ്രതിക്ക് കൊലപാതകത്തിന്  ജീവപര്യന്തം തടവും, തെളിവ് നശിപ്പിച്ചതിന്  അഞ്ച് വർഷം തടവും കോടതി വിധിച്ചു. ഇത് 'അപൂർവങ്ങളിൽ അപൂർവമായ' കേസല്ല എന്ന് നിരീക്ഷിച്ച കോടതി,കുട്ടിയോട് യാതൊരു ദയയും കാണിക്കാത്ത ക്രൂരമായ പ്രവർത്തിയാണ് പ്രതി ചെയ്തതെന്ന് കോടതി വിധിയിൽ പറഞ്ഞു.

Tags:    
News Summary - Toddler murdered for breaking a teacup: Mumbai court sentences accused to life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.