കോട്ടയം: കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മൈനർ ഇറിഗേഷൻ വിഭാഗം സബ്ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബിനു ജോസ് വിജിലൻസിന്‍റെ വലയിൽ കുടുങ്ങുന്നത് മൂന്നാംതവണ. രണ്ടുതവണ ഇവരിൽനിന്ന് വിജിലൻസ് പരിശോധനക്കിടെ അനധികൃത പണം കണ്ടെത്തിയിരുന്നു. എന്നാൽ, അന്ന് വകുപ്പുതല നടപടിയിൽ ഒതുങ്ങി. ഇത്തവണ കൈക്കൂലി വാങ്ങുന്നത് കൈയോടെ പിടികൂടുകയായിരുന്നു. 2014ൽ ചങ്ങനാശ്ശരിയിൽ അസി. എൻജിനീയറായിരിക്കെ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിലില്ലാത്ത പണം കണ്ടെത്തിയിരുന്നു. തുടർന്ന് വിജിലൻസ് കേസെടുത്ത് ഇവർക്കെതിരെ റിപ്പോർട്ട് നൽകി. ആ റിപ്പോർട്ട് പ്രകാരം വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തു. 2015ൽ കോട്ടയത്ത് അസി. എൻജിനീയറായിരിക്കെ സമാന കേസിൽ കുടുങ്ങി. തുടർന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ രണ്ടാമതും വകുപ്പുതല നടപടിക്ക് വിധേയയായി. ഇറിഗേഷൻ ജോലികൾക്കായി കെട്ടിവെച്ച സെക്യൂരിറ്റി തുക തിരിച്ചുനൽകാൻ കരാറുകാരനോട് കൈക്കൂലി വാങ്ങുമ്പോഴാണ് വ്യാഴാഴ്ച വിജിലൻസിന്‍റെ പിടിയിലായത്. 2013-14, 2015-17 കാലയളവിൽ നടത്തിയ ജോലികളുടെ സെക്യൂരിറ്റി തുക 2.45 ലക്ഷം രൂപയാണ് പരാതിക്കാരന് കിട്ടാനുണ്ടായിരുന്നത്. പലപ്രാവശ്യം അപേക്ഷിച്ചതിനെത്തുടർന്ന് 2.20 ലക്ഷം രൂപ മാറിനൽകി. ബാക്കി 25,000 രൂപ കിട്ടുന്നതിനാണ് ബിനു ജോസിനെ കണ്ടത്. ''ഇപ്പോൾ തിരക്കാണ്, പിന്നെ വരൂ'' എന്നുപറഞ്ഞ് പരാതിക്കാരനെ നിരവധി തവണ മടക്കിയയച്ചു. കഴിഞ്ഞ ദിവസം ചെന്നപ്പോൾ 10,000 രൂപ തന്നാൽ സെക്യൂരിറ്റി തുക നൽകാമെന്ന് പറഞ്ഞു. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. അറസ്റ്റിലായ ബിനു ജോസിനെ കോടതി റിമാൻഡ് ചെയ്തു. കരാറുകാരനെ നടത്തിച്ചത് രണ്ടുവർഷവും ഏഴുമാസവും കോട്ടയം: കരാർ ജോലികളുടെ സെക്യൂരിറ്റി തുക തിരിച്ചുകിട്ടാൻ കോട്ടയം സ്വദേശിയായ കരാറുകാരൻ മൈനർ ഇറിഗേഷൻ വിഭാഗം സബ്ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബിനു ജോസിന്‍റെ ഓഫിസിൽ കയറിയിറങ്ങിയത് രണ്ടുവർഷവും ഏഴുമാസവും. ഓരോ തവണ ചെല്ലുമ്പോഴും തന്നെ മോശം ഭാഷ ഉപയോഗിച്ച് ആട്ടിയോടിക്കുകയായിരുന്നെന്ന് പരാതിക്കാരൻ പറയുന്നു. 15 വർഷം മുമ്പ് ചങ്ങനാശ്ശേരിയിൽ അസി. എൻജിനീയറായിരുന്ന കാലത്ത് ആവശ്യപ്പെട്ട തുക നൽകിയില്ലെന്നതാണ് ബിനു ജോസിന്‍റെ വൈരാഗ്യത്തിനു കാരണം. 2013-14, 2015-17 കാലയളവിൽ നടത്തിയ ജോലികളുടെ സെക്യൂരിറ്റി തുകയിൽ 1.50 ലക്ഷം രൂപ മൂന്നുമാസം മുമ്പ് അനുവദിച്ചു. 10,000 രൂപയുമായി വന്നാൽ ബാക്കി തുക അനുവദിക്കാമെന്നാണ് ഇവർ പറഞ്ഞിരുന്നത്. താൻ പണം നൽകാൻ തയാറായില്ല. 25,000 ബാക്കിനിൽക്കെ വീണ്ടും കാണാൻ ചെന്നപ്പോഴാണ് 10,000 രൂപ തന്നാലേ പണം അനുവദിക്കൂവെന്നാണ് വാശിപിടിച്ചത്. കൈക്കൂലിയില്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന അവസ്ഥയാണ്. മനസ്സ് മടുത്ത് ഈ ജോലി വിട്ടു. ഗതികേടുകൊണ്ടാണ് ബാക്കി പണത്തിനുവേണ്ടി നടന്നതെന്നും പരാതിക്കാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.