ക​രു​തു​ക, ക​ൺ​ചി​മ്മാ​തെ; അ​വ​ധി​ക്കാ​ല യാ​ത്ര​ക​ളി​ൽ കു​ട്ടി​ക​ളെ അ​പ​ക​ട​ത്തി​ൽ​പെ​ടാ​തെ കാ​ക്കാം

കോട്ടയം: ഒരു വർഷം നീണ്ട പഠനത്തിരക്കും പരീക്ഷ സമ്മർദങ്ങളുമൊഴിഞ്ഞു കളികളും മേളങ്ങളുമായി കുരുന്നുകൾ തിമിർത്താടുന്ന കാലമാണ് മധ്യവേനൽ അവധിക്കാലം. കുടുംബങ്ങൾ ഏറ്റവുമധികം യാത്ര പോവുകയും ഉല്ലാസത്തിനു ചെലവഴിക്കുകയും ചെയ്യുന്ന കാലവുമാണിത്. ഉറ്റവർക്കൊപ്പം കളിച്ചുല്ലസിക്കുന്നതിനിടെ പൊടുന്നനെ ഒരു നിമിഷാർധത്തിന്‍റെ അശ്രദ്ധയിലോ പിഴവിലോ അരുമമക്കൾ എന്നന്നേക്കുമായി കൂട്ടം വിട്ടകലുന്നത് ഉറ്റവരുടെ മാത്രമല്ല, സമൂഹത്തിന്‍റെയാകെ തീരാവേദനയാണ്. അൽപ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് ഏതു മനുഷ്യനും ചിന്തിച്ചുപോകുന്ന സന്ദർഭങ്ങൾ. ഇത്തരം നിരവധി സംഭവങ്ങളാണ് അവധിക്കാലത്തിന്‍റെ പാതിയെത്തും മുമ്പേ നമ്മുടെയാകെ നെഞ്ചുപൊടിച്ചു നാടിനെ കണ്ണീരണിയിച്ച് അടുത്ത ദിവസങ്ങളിൽ കടന്നുപോയത്.

കൺമുന്നിലെ കണ്ണീർപ്പാടങ്ങൾ

കുമരകത്ത് സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചത് ബുധനാഴ്ചയാണ്. മലപ്പുറത്തുനിന്ന് കുടുംബസമേതം വിനോദയാത്രക്ക് എത്തിയ 35 അംഗ സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ് നബാൻ. മാതാപിതാക്കളും അടുത്ത ബന്ധുക്കളുമെല്ലാം ഒപ്പമുണ്ടായിരുന്നു. കുട്ടികൾക്കു നീന്താൻ ആഴം കുറഞ്ഞ സ്ഥലവും മുതിർന്നവർക്ക് ആഴം കൂടിയ ഭാഗവും ഉണ്ടായിരുന്നു നീന്തൽക്കുളത്തിന്. നീന്തുന്നതിനിടെ ബന്ധുവായ യുവാവിന്‍റെ കാലിൽ എന്തോ തട്ടി. എന്താണെന്നറിയാൻ മുങ്ങി തപ്പിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം കിഴക്കമ്പലം പഴങ്ങനാട് ജംഗിൾപാർക്കിൽ സന്ദർശനത്തിനെത്തിയ അഞ്ചു വയസ്സുകാരൻ ചതുപ്പിൽ വീണു മരിച്ചത് ഇതിനു തൊട്ടു തലേന്നായിരുന്നു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ മുഹമ്മദ് നസീറിന്‍റെയും കെ.ആർ. ആമിറയുടെയും മകൻ പ്രീ സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ആദം ആയിരുന്നു ആ ചൊവ്വാഴ്ചയുടെ നഷ്ടതാരകം.

ഉച്ചഭക്ഷണം നൽകാൻ പാർക്കിൽത്തന്നെയുള്ള മുറിയിലേക്കു കൊണ്ടുവരുന്നതിനിടെ ഒരു കുട്ടി മുറിയിൽനിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാൽ അധ്യാപികയുടെ കൈയിലായിരുന്നു മുഹമ്മദ് ആദം. കുട്ടി ഓടുന്നതു കണ്ട അധ്യാപിക ആദത്തെ നിലത്തുനിർത്തി ഓടിപ്പോയ കുട്ടിയെ അന്വേഷിച്ചുപോയി. അതിനിടെ ആദം പുറത്തുപോയെന്നാണു കരുതുന്നത്. ഭക്ഷണം നൽകിയ ശേഷം കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്നു മനസ്സിലായത്. തുടർന്നു നടത്തിയ തിരിച്ചിലിലാണ് പാർക്കിന്‍റെ പിന്നിലുള്ള ചതുപ്പിലെ ചാലിൽ വെള്ളത്തിനടിയിൽ ടീ ഷർട്ടിന്‍റെ നിറം കണ്ടു തിരിച്ചറിഞ്ഞത്.

യാത്രയിൽ ജാഗ്രത

യാത്രകളിലും പാർക്കിലെയും നീന്തൽക്കുളങ്ങളിലെയും സന്ദർശനങ്ങളിലും കരുതലും ജാഗ്രതയും പാലിച്ചാൽ കുരുന്നുകളുടെ വെളിച്ചം അണഞ്ഞുപോകാതെ നോക്കാനാവുമെന്നും തോരാക്കണ്ണീരിന്‍റെ നാളുകൾ ഒഴിവാക്കാൻ കഴിയുമെന്നുമാണ് വിദഗ്ധർ നൽകുന്ന മാർഗനിർദേശം.

പ്രഥമശുശ്രൂഷ കിറ്റ് എല്ലാ യാത്രയിലും കൈയിൽ കരുതണം. തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ കഴിവതും കുട്ടികളുമായി പോകാതിരിക്കുക. പോകുന്നുവെങ്കിൽ കുഞ്ഞുങ്ങൾ കൂട്ടം തെറ്റി പോകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ എപ്പോഴും ശ്രദ്ധ ചെലുത്തണം. കുഞ്ഞുങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ബ്രേസ്ലെറ്റുകളും മറ്റും ധരിപ്പിക്കുന്നത് കൂട്ടം തെറ്റി പോയാലും എളുപ്പം കണ്ടെത്തുന്നതിനു സഹായകമായിരിക്കും.

സാനിറ്റൈസറും തുടക്കാനുള്ള ചെറുതുണികളും അത്യാവശ്യ മരുന്നുകളും യാത്രകളിൽ എപ്പോഴും കൈയിൽ കരുതണം. രണ്ടു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി യാത്ര ചെയ്യാതിരിക്കുക. വാഹനം ഇടക്ക് നിർത്തി മതിയായ വിശ്രമമെടുക്കുക.

പാർക്കിലും കരുതാനേറെ

പാർക്കിലെ ഉപകരണങ്ങൾ പരിശോധിച്ച് അപായസാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കുട്ടികളെ അതിൽ കളിക്കാൻ അനുവദിക്കുക. ചില വിനോദോപകരണങ്ങൾ ചെറിയ ക്ഷതമോ മൂർച്ചയേറിയ അഗ്രഭാഗങ്ങളോ ഉള്ളവയായിരിക്കും. കടുത്ത ചൂടുള്ള കാലാവസ്ഥ ആയതിനാൽ കുട്ടികൾ ആവശ്യത്തിന് ശുദ്ധജലം കൃത്യമായ ഇടവേളകളിൽ കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പാക്കുക. വീഴ്ചയിൽ വലിയ ക്ഷതമേൽക്കാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേ കുഞ്ഞുങ്ങളെ കളിക്കാൻ അനുവദിക്കാവൂ.

ഇവ അരുത്

  • വെയിലേൽക്കാതിരിക്കാനുള്ള ലോഷനുകൾ പുരട്ടാതെയും തൊപ്പിയോ മറ്റോ ധരിപ്പിക്കാതെയും കുട്ടികളെ കളിക്കാൻ വിടരുത്.
  • നനഞ്ഞ സ്ഥലങ്ങളിലും കേടായ ഉപകരണങ്ങളിലും കളിക്കാൻ അനുവദിക്കാതിരിക്കുക.
  • പഴക്കമേറിയ ഉപകരണങ്ങളിലും ഉപയോഗിക്കാൻ സങ്കീർണമായവയിലും കളിക്കാൻ വിടാതിരിക്കുക.
  • എവിടെയെങ്കിലും ഉടക്കാനോ കുടുങ്ങാനോ സാധ്യതയുള്ള വസ്ത്രങ്ങൾ അണിയിച്ചു കുട്ടികളെ പാർക്കിലേക്കും മറ്റും കൊണ്ടുപോകരുത്.

വിവരങ്ങൾക്ക് കടപ്പാട്: വിഷ്ണു മധു, സ്റ്റേഷൻ ഓഫിസർ, അഗ്നിരക്ഷ സേന, കോട്ടയം

Tags:    
News Summary - Keeping children safe during long trips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.