കഞ്ചാവ്​ കടത്തുമായി ഗുണ്ടസംഘങ്ങൾ

കോട്ടയം: ജില്ലയിൽ കഞ്ചാവ്​ അടക്കമുള്ളവയുടെ വിൽപന സജീവമായതിനു പിന്നിൽ ഗുണ്ടകളുടെ ഇടപെടലെന്ന്​ പൊലീസ്​. ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടസംഘങ്ങളിൽ ഭൂരിഭാഗവും കഞ്ചാവ്​ കടത്തലിൽ സജീവമായതോടെ വൻതോതിൽ ജില്ലയിലേക്ക്​ കഞ്ചാവ്​ എത്തുന്നതായാണ്​ വിലയിരുത്തൽ. ജില്ലയിലെ മിക്ക ക്വട്ടേഷൻ സംഘങ്ങൾക്കും ലഹരികടത്ത് ശൃംഖലയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നാണ്​​ ഇവർ കഞ്ചാവ്​ എത്തിക്കുന്നത്​. ഇടനിലക്കാരിൽനിന്ന്​ ചെറിയ വിലയ്ക്ക്​​ വാങ്ങുന്നവ ജില്ലയിലടക്കം എത്തിച്ച്​ ​ മറിച്ചു വിൽക്കുകയാണ്​. കോട്ടയം അടക്കമുള്ള ജില്ലകളിൽ എത്തിക്കുന്ന കഞ്ചാവ്​ ചില്ലറ വിൽപനക്കാർക്ക്​ കൈമാറുകയാണ്​ ചെയ്യുന്നത്​. ഇതിലൂടെ ലക്ഷങ്ങളാണ്​ ഇവർ സ്വന്തമാക്കുന്നത്​. ഇതുപയോഗിച്ച്​ ആഡംബരജീവിതം നടത്തുകയാണ്​ ചെയ്യുന്നത്​. പൊലീസിന്‍റെ കണക്കനുസരിച്ച്​ ജില്ലയിൽ 175 ഗുണ്ടകളാണുള്ളത്​. ഇവരിൽ പകുതിയിലധികം ലഹരികടത്തുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നത്​. ഇവർ നേരിട്ടല്ല ഇടപാടുകൾ. ഒപ്പമുള്ളവരാണ്​ വാഹനങ്ങളിൽ കടത്തിക്കൊണ്ടുവരുന്നത്​. ഇതിന്‍റെ നിയന്ത്രണമാണ്​ ഗുണ്ടനേതാക്കൾക്ക്​. രണ്ട് വർഷത്തിനുള്ളിൽ വൻതോതിൽ ലഹരിയുമായി പിടിക്കപ്പെടുന്നവരിലേറെയും ഗുണ്ടകളോ അവരോട് അടുപ്പം പുലർത്തുന്നവരോ ആണെന്ന്​ പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​. നേരത്തേ പെട്രോൾ പമ്പുകളിൽനിന്ന് പണം കവരുക, ബൈക്കിലെത്തി മാലകവരുക, മറ്റ് മോഷണങ്ങൾ ഇവയൊക്കെ പതിവായി നടത്തിയിരുന്ന പലരും ഇപ്പോൾ നിശ്ശബ്ദമാണ്. ഇതിനു​ കാരണം ലഹരികടത്താണെന്നും പൊലീസ്​ പറയുന്നു. കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയാലും കവർച്ച മുതൽ വിറ്റ് പണമാക്കുന്നതാണ് വെല്ലുവിളി. ഇതിനിടെ അകത്തുമാകും. ഇതോടെയാണ്​ ലഹരികടത്തിലേക്ക്​ മാറിയത്​. പെട്ടെന്ന്​ കൂടുതൽ പണം ലഭിക്കുമെന്നാണ്​ ഇവരെ ആകർഷിക്കുന്നത്​. കേസുകൾ നടത്താനടക്കം ഇത്തരത്തിലാണ്​ ഇവർ തുക കണ്ടെത്തുന്നത്​. വിദ്യാർഥികളടക്കം കഞ്ചാവ്​ ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിച്ചതും ഇവർക്ക്​ ചാകരയാണ്​. കഞ്ചാവ് കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ആർപ്പൂക്കര സ്വദേശി അലോട്ടി പിടിക്കപ്പെടുന്നതിനു​മുമ്പ്​ ഒരു വർഷത്തോളം കഞ്ചാവ് കടത്ത് മാത്രമായിരുന്നു നടത്തിയിരുന്നത്​. പതിവായി പെട്രോൾ പമ്പുകളിൽനിന്ന് പണം മോഷ്ടിച്ചിരുന്ന കൊലക്കേസ് പ്രതി ലുതീഷ് പുൽച്ചാടിയും ദീർഘനാൾ കഞ്ചാവ് കടത്ത് മാത്രമായിരുന്നു. പിടികൂടാനുള്ള സാധ്യത കുറവാണെന്നതും ക്രിമിനൽ സംഘങ്ങൾ ലഹരികടത്തിൽ സജീവമാകാൻ കാരണമാകുന്നുണ്ട്​​. ഗുണ്ടസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലമുള്ള ഒറ്റുമൂലമാണ്​ പലപ്പോഴും പിടികൂടുന്നത്​. എന്നാൽ, പിടിയിലാകുന്നത്​ ചില്ലറ വിൽപനക്കാരാകും. ജയിലിൽ കിടന്നും ലഹരികടത്ത് നിയന്ത്രിക്കുന്ന ഗുണ്ടകളുണ്ടെന്ന്​ ​രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു​. നഗരങ്ങൾക്കൊപ്പം ഗ്രാമപ്രദേശങ്ങളിലും കഞ്ചാവ്​​ വിൽപന വ്യാപകമാണ്​. വിദ്യാർഥികൾക്കടക്കം എത്തിക്കാൻ ഏജന്‍റുമാരും സജീവമാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കഞ്ചാവ്​ വിൽപനയിൽ വലിയ വർധനയാണ്​ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പണം മോഹിച്ച്​ വലിയതോതിൽ യുവാക്കളും വിൽപന ശൃംഖലകളിൽ കണ്ണിയാകുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.