വാട്ടർ ടാങ്ക് അപകടാവസ്ഥയിൽ; ആശങ്കയിൽ സമീപവാസികൾ

ചങ്ങനാശ്ശേരി: കമ്പിയും സിമന്‍റും ദ്രവിച്ച് അടര്‍ന്നുവീണുകൊണ്ടിരിക്കുന്ന കാലപ്പഴക്കമുള്ള വാട്ടര്‍ടാങ്ക് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പ്​ കല്ലുകടവില്‍നിന്ന്​ ശുദ്ധജല വിതരണത്തിനായി പൊന്‍പുഴ പൊക്കത്ത്​ ജല അതോറിറ്റി സ്ഥാപിച്ചതാണ് ഈ ഓവര്‍ഹെഡ് ടാങ്ക്. പിന്നീട് അതോറിറ്റി ടാങ്ക് അടക്കം പദ്ധതി ഇത്തിത്താനം ശുദ്ധജല വിതരണ സമിതിക്ക് കൈമാറിയതോടെ ഉടമസ്ഥാവകാശം ശുദ്ധജലവിതരണ സമിതിക്കായി. എന്നാല്‍, സമിതിയാകട്ടെ ഈ പദ്ധതിയെ രണ്ടായി വിഭജിച്ച് ചാലച്ചിറ ശുദ്ധജലവിതരണ സമിതിയെന്ന പേരില്‍ മറ്റൊരു പദ്ധതിക്ക് രൂപംനല്‍കി. ഇതി‍ൻെറ ഭാഗമായി ചാലച്ചിറയില്‍ പഞ്ചായത്ത് വക സ്ഥലത്ത് ഒരു ഭൂഗര്‍ഭടാങ്ക് നിര്‍മിച്ച് കല്ലിശേരിയില്‍നിന്ന്​ ജലം എത്തിച്ച് അവിടെനിന്ന്​ പമ്പ്​ ചെയ്ത് പൊന്‍പുഴ പൊക്കത്തുള്ള ഈ ടാങ്കില്‍ നിറച്ച് കുമരകംകുളം, പുളിമൂട് ഭാഗങ്ങളിലേക്ക് ജലം വിതരണം ചെയ്യുകയാണ്​. പിന്നീട് കല്ലിശേരിയില്‍നിന്നുള്ള ജലം ലഭിക്കാതെ വന്നതോടുകൂടി ചാലച്ചിറ പദ്ധതി എന്നെന്നേക്കുമായി നിശ്ചലമായി. അതോടെ ചാലച്ചിറയില്‍ സ്ഥാപിച്ചിരുന്ന മൂന്നുലക്ഷം രൂപ വിലവരുന്ന രണ്ട്​ മോട്ടോറുകളും തുരുമ്പെടുത്ത് നശിച്ചു. ഇപ്പോള്‍ ടാങ്കി‍ൻെറ തൂണുകളിലെ സിമന്‍റ്​ ഇളകിമാറി ബീമിനുള്ളിലെ കമ്പികള്‍ തുരുമ്പെടുത്ത് അടര്‍ന്ന്​ വീണുകൊണ്ടിരിക്കുകയാണ്. ടാങ്കിന്റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ വര്‍ഷങ്ങളായി പരാതിപ്പെടുന്നുണ്ടെങ്കിലും ഇത് പൊളിച്ചുമാറ്റേണ്ട ഉത്തരവാദിത്തം ആര്‍ക്കാണെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കത്തിലാണ്. ജല അതോറിറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ് ടാങ്ക് കൈമാറിയതിനാല്‍ അവരുടെ ആസ്തി ലിസ്റ്റില്‍ ഇങ്ങനെയൊരു ടാങ്ക് ഇല്ല. എന്നാല്‍, ചാലച്ചിറ പദ്ധതി പ്രവര്‍ത്തനം നിന്നുപോയതുകൊണ്ടും നിലവില്‍ ഭാരവാഹികള്‍ ഇല്ലാത്തതുകൊണ്ടും അവരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. ഈ ടാങ്കിന് തൊട്ടടുത്തുതന്നെ ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ടാങ്കും ഒരു മൊബൈൽ ഫോണ്‍ ടവറുമുണ്ട്​. തൊട്ടടുത്തുള്ള സെന്‍റ്​ ജോണ്‍സ് ഗവ. എല്‍.പി സ്‌കൂളിലേക്കും ജനവാസകേന്ദ്രമായ കുമരംകുളം ഭാഗത്തേക്കും കെ.എസ്.ഇ.ബി ഓഫിസിലേക്കും തേക്കനാല്‍ ദേവീക്ഷേത്രത്തിലേക്കും ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ ടാങ്കിന് സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമ്പോള്‍ ഭീതിയിലാണ് സമീപവാസികൾ. KTL CHR 1 water tank അപകടാവസ്ഥയിലായ പൊൻപുഴ പൊക്കം ഓവർഹെഡ് വാട്ടർ ടാങ്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.