മൂന്നാർ: യാത്രക്കാരുമായി പോകുന്ന കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ കാട്ടുകൊമ്പൻ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസിന് നേരെയായിരുന്നു മൂന്നാർ ഡിവൈ.എസ്.പി ഓഫിസിനു സമീപം നാട്ടുകാർ പടയപ്പയെന്ന വിളിക്കുന്ന കാട്ടുകൊമ്പന്റെ അഭ്യാസ പ്രകടനം. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ഉദുമൽപേട്ടയിൽനിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലാണ് കാട്ടുകൊമ്പൻ വന്നുപെട്ടത്. മൂന്നാർ ടൗണിന് സമീപത്തെ ഡിവൈ.എസ്.പി ഓഫിസിന്റെ അടുത്തായിട്ടാണ് ആന നിന്നിരുന്നത്. ആന റോഡിലുണ്ടെന്ന വിവരം ലഭിച്ചതോടെ ഡ്രൈവർ വി. ബാബുരാജ് സാവധാനമായിരുന്നു വാഹനം മുന്നോട്ട് എടുത്തത്. ഒരു വളവ് തിരിഞ്ഞപ്പോൾ 100 മീറ്റർ അകലെയായി ആന നിൽക്കുന്നത് ബസ് ജീവനക്കാരും യാത്രക്കാരും കണ്ടു. ആനയെ പ്രകോപിപ്പിക്കാതെ ഡ്രൈവർ അപ്പോൾതന്നെ ബസ് നിർത്തി. യാത്രക്കാരോട് ഭയപ്പെടേണ്ടെന്ന് കണ്ടക്ടർ എസ്. വിമൽദാസ് പറയുകയും ചെയ്തു. അൽപനേരം ബസിനെ നോക്കിനിന്ന ശേഷം പടയപ്പ സാവധാനം ബസിന്റെ മുന്നിലെത്തി തുമ്പിക്കൈ ഉയർത്തി മണം പിടിച്ചു. പിന്നീട് ഡ്രൈവർ സീറ്റിന്റെ മുൻഭാഗത്ത് തുമ്പിക്കൈ ഉയർത്തി തൊടാൻ ശ്രമിക്കുമ്പോഴാണ് കൂർത്തകൊമ്പുകൊണ്ട് ചില്ല് പൊട്ടിയത്. ചില്ല് പൊട്ടിയത് മനസ്സിലായതുപോലെ ആന അപ്പോൾത്തന്നെ പിന്തിരിഞ്ഞ് റോഡരികിലേക്ക് മാറിനിന്നു. ഇതോടെയാണ് ബസിലുണ്ടായിരുന്ന അമ്പതോളം യാത്രക്കാരുടെ ശ്വാസം നേരെ വീണത്. തകർന്ന ചില്ല് മാറ്റാൻ 7000 രൂപയോളം ചെലവ് വരുമെന്ന് ഡിപ്പോ ഇൻ ചാർജ് സേവി ജോർജ് പറഞ്ഞു. രണ്ടു മാസം മുമ്പ് മൂന്നാറിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനുനേരെ തോണ്ടിമലയിൽവെച്ച് ആനയുടെ ആക്രമണം ഉണ്ടായിരുന്നു. അന്നും ചില്ല് തകർന്നതല്ലാതെ യാത്രക്കാർക്ക് അപകടമൊന്നും ഉണ്ടായില്ല. ചിത്രം 1 റോഡിൽ നിലയുറപ്പിച്ച പടയപ്പ ചിത്രം 2 ആന ബസിനുനേരെ വരുന്നു ചിത്രം 3 പടയപ്പ ബസിന്റെ ചില്ലിനുനേരെ തുമ്പിക്കൈ ഉയർത്തുന്നു ചിത്രം 4 കൊമ്പ് തട്ടി ബസിന്‍റെ ചില്ല് പൊട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.