നടപ്പാതയിൽ അപകടക്കെണി; വികസന സമിതിയിൽ പരാതി

ചങ്ങനാശ്ശേരി: പെരുന്ന മുതല്‍ മതുമൂല വരെയുള്ള ഭാഗത്തെ നടപ്പാതകളിലെ ടൈലുകള്‍ ഇളകിക്കിടക്കുന്നത് കാല്‍നടക്കാര്‍ക്ക് അപകട ഭീഷണിയാകുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി. കുരിശുംമൂട്-ചെത്തിപ്പുഴ റോഡിന്‍റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം ഗതാഗതതടസ്സം സൃഷ്ടിക്കപ്പെടുന്നതായും യോഗത്തില്‍ അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചു. മുനിസിപ്പല്‍ ജങ്ഷനില്‍ പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുന്നതിലൂടെ ആയിരക്കണക്കിന്​ ലിറ്റര്‍ കുടിവെള്ളം പാഴാകുന്നതായും കേരള കോണ്‍ഗ്രസ്-ജേക്കബ് നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കാലാവടക്കന്‍ ചൂണ്ടിക്കാട്ടി. അമര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം ഉയര്‍ന്നു. നിര്‍മാണ ജോലികള്‍ ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും എങ്ങുമെത്തിയിട്ടില്ലെന്നും യോഗത്തില്‍ വിമർശനം ഉയര്‍ന്നു. കരാറുകാരന്റെ അനാസ്ഥയാണെന്നും നോട്ടീസ് അയക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എബ്രഹാം അറിയിച്ചു. തൃക്കൊടിത്താനം പഞ്ചായത്ത് തനത്​ ഫണ്ടില്‍നിന്ന് ഒരുകോടിയിലധികം രൂപ വാട്ടര്‍ അതോറിറ്റിക്ക് കെട്ടിവെച്ച് നിര്‍മാണം ആരംഭിച്ച പദ്ധതി നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുകയാണെന്ന വിഷയം എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബാണ് വികസന സമിതി യോഗത്തില്‍ ഉന്നയിച്ചത്. അടിയന്തരമായി ഇടപെടണമെന്ന്​ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോബ് മൈക്കിള്‍ എം.എല്‍.എ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. റവന്യൂ ടവറിലെ ശൗചാലയങ്ങളുടെ വാതിലുകള്‍ക്ക്​ പൂട്ടില്ലെന്നും പല ടാപ്പുകളും കേടാണെന്നും ആവശ്യത്തിന്​ വെള്ളമെത്തുന്നില്ലെന്നും പൊലീസ് സ്റ്റേഷന് മുന്നില്‍ റോഡിന്റെ ഇരുവശങ്ങളിലും കേസിൽപെട്ട വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് മാര്‍ക്കറ്റ് റോഡിലെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തഹസില്‍ദാര്‍ മനോഹരനും പങ്കെടുത്തു. KTL CHR 1 pavetile നടപ്പാതകളിലെ ടൈലുകള്‍ ഇളകിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.