ഇടനിലക്കാരുടെ ചൂഷണത്തിൽ അടിപതറി ആട്​ കർഷകർ

കോട്ടയം: . തുച്ഛമായ തുക നൽകി കർഷകരിൽനിന്ന്​ വാങ്ങുന്ന ആടിനെ ഇടനിലക്കാർ അമിതലാഭത്തിനാണ്​ മറിച്ചുവിൽക്കുന്നത്​. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഒരുകിലോ ആട്ടിറച്ചി 750 രൂപക്കാണ് വില്പന നടത്തുന്നത്. ഒരാടിന്‍റെ തൂക്കത്തിന്‍റെ 60 ശതമാനവും ഇറച്ചിയായി വില്പന നടത്താൻ സാധിക്കും. ഇത്തരം സാഹചര്യം ഉണ്ടായിട്ടും കർഷകരുടെ ആടുകൾക്ക് ഇടനിലക്കാർ വില നല്കുന്നില്ല. മുൻകാലങ്ങളിൽ ഉത്തരേന്ത്യൻ വിപണിയിൽനിന്ന് സംസ്ഥാനത്തേക്ക്​ വ്യാപകമായി ആടുകൾ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഇത്തരത്തിൽ ആടുകൾ എത്തുന്നത് പൂർണമായും നിലച്ചു. കോവിഡ്​ പ്രതിസന്ധിക്ക്​ മുമ്പുവരെ നാട്ടുപ്രദേശങ്ങളിൽ ചന്തകളിൽ ആടുകളെയും മറ്റും വിൽപന നടത്തിയിരുന്നു. നിലവിൽ ഇതുപോലുള്ള ചന്തകൾ പ്രവർത്തനരഹിതമാണ്​. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി ആനുകൂല്യങ്ങൾ ലഭിക്കുന്നതുമൂലം നിരവധി കർഷകരാണ് ആട് പരിപാലന രംഗത്തിറങ്ങിയിരിക്കുന്നത്. കൂടാതെ കുടുംബശ്രീപോലുള്ള കൂട്ടായ്മകൾ വഴി ആടുകളെ ലഭിക്കുന്നതിനാൽ സ്ത്രീകളും ആടുവളർത്തൽ മേഖലയിൽ സജീവമായിട്ടുണ്ട്​. 50 കിലോയുള്ള ഒരാടിന് 15,000 രൂപയിൽ താഴെ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. മഴക്കാലം അടുക്കുന്നതോടെ കർഷകർ പരമാവധി ആടുകളെ വിറ്റുതീർക്കാനുള്ള തീരുമാനത്തിലാണ്​. മഴക്കാലത്ത്​ കൂടുകളിൽ അധികം ആടുകൾനിന്നാൽ രോഗം ബാധിക്കുകയോ മറ്റോ ചെയ്​താൽ മറ്റുള്ളവയിലേക്കും വ്യാപിക്കും. ഇത്​ ആടിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നതോടെ വിലയെയും സാരമായി ബാധിക്കും. റമദാനും ഈസ്റ്ററും അടുത്തുവരുന്ന സമയത്ത്, കർഷകർക്ക് ഏറ്റവും അധികംവില ലഭിക്കേണ്ട സമയമാണ്. ഫെസ്റ്റിവൽ സീസൺ മുൻകൂട്ടിക്കണ്ട്​ വിപണനസാഹചര്യം ഉപയോഗിച്ചില്ലെങ്കിൽ പിന്നീടൊരു വിപണന ഉയർച്ചക്ക്​ സാധ്യതയുണ്ടാവില്ല. സർക്കാർ നിയന്ത്രണത്തിലുള്ള മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ സ്ഥാപനങ്ങൾവഴി കർഷകരുടെ ആടിനെ സംഭരിക്കുകയും അവർക്ക്​ ന്യായവില നൽകുകയും ഇവയിലൂടെ ഈ പ്രതിസന്ധിക്ക്​ പരിഹാരം കണ്ടെത്താനും സാധിക്കും. എന്നാൽ, കർഷകരിൽനിന്ന്​ ഇവർ ആടിനെ സ്വീകരിക്കുന്നില്ല. ഉയർന്നവിലയ്​ക്കാണ്​ മാംസം​ മീറ്റ് പ്രോഡക്ട് സ്ഥാപനങ്ങൾ വിപണനം ചെയ്യുന്നത്​. കൂടാതെ ആടുകളുടെ ഭക്ഷണസാമഗ്രികളുടെ വിലവർധനയും കർഷകർക്ക് തിരിച്ചടിയാണ്​. മറ്റുവഴികളില്ലാതെ ഇടനിലക്കാരുടെ വിലയ്​ക്ക്​ തന്നെ ആടുകളെ നൽകാൻ കർഷകർ ബാധ്യസ്ഥരാകുന്ന അവസ്ഥയാണ്​. സ്വകാര്യവ്യക്തികളായ കച്ചവടക്കാരിൽനിന്ന്​ മാത്രമാണ്​ മീറ്റ് പ്രോഡക്ട് ഇറച്ചി സ്വീകരിക്കുന്നതെന്ന്​ ആക്ഷേപമുണ്ട്​. ഇക്കാരണങ്ങളാൽ കർഷകർ ആട്​ കൃഷിയിൽനിന്ന്​ പിന്തിരിയാൻ സാധ്യതയേറെയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.