കോവിഡിന്​ സുല്ല്​; നിറഞ്ഞാടി നഗരം

MESSAGE: കലോത്സവ പേജ്​ ലീഡ്​ പത്തനംതിട്ട: നഗരത്തിന്​ ഉത്സവച്ഛായ പകർന്ന്​ മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിന്​ തുടക്കം. നാല്​ രാപ്പകലുകള്‍ ഇനി പത്തനംതിട്ടക്ക്​ കലാവസന്തം സമ്മാനിക്കും. കോവിഡ്​ തീർത്ത ഭീതികളെയെല്ലാം മാറ്റിനിർത്തി നാട്​ കലോത്സവത്തെ വരവേറ്റു. വെള്ളിയാഴ്ച വൈകീട്ട്​ നടന്ന വിളംബര ഘോഷയാത്ര നാടിന് ആഘോഷമായി. മാസ്കും സാമൂഹിക അകലവും തീർത്ത വേറിടലുകൾ മറന്ന്​ വിദ്യാർഥികൾ കൈകോർത്ത്​ ആടിപ്പാടി പത്തനംതിട്ടയുടെ തെരുവുകളിലൂടെ ഒഴുകിനീങ്ങിയത്​ രണ്ടുവർഷത്തിനുശേഷം നഗരത്തിന്​ സമ്മാനിച്ച പുത്തൻ അനുഭവമായി. ഘോഷയാത്രക്ക്​ അകമ്പടിയെന്നോണം മഴയും പെയ്തിറങ്ങി. എന്നിട്ടും വിദ്യാർഥികൾ വരിതെറ്റാതെ മേളത്തിന്​ ഒപ്പം നീങ്ങിയത്​ കലോത്സവത്തോടുള്ള അവരുടെ സമർപ്പണമായി. പുതിയ ബസ്​സ്റ്റാൻഡിൽനിന്ന് വൈകീട്ട് മൂന്നിന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. വിദ്യാർഥികൾ വര്‍ണക്കുടയുമായി അണിനിരന്നതോടെ നഗരം നിറക്കൂട്ടായി. ഘോഷയാത്രയുടെ മുന്നിൽ ഗാന്ധി വേഷധാരി നടന്നുനീങ്ങി. തൊട്ടുപിന്നാലെ കൊമ്പ്, ചേങ്ങില, ഇലത്താളം, ഇടയ്ക്ക തുടങ്ങിയുള്ള വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും തുടര്‍ന്ന് ചെണ്ടമേളക്കാരും അണിനിരന്നു. ജില്ലയിലെ കോളജ് വിദ്യാർഥികൾ കേരളീയ വേഷത്തിലാണ് ഘോഷയാത്രയിൽ അണിനിരന്നത്. മലബാറിൽനിന്നുള്ള കലാ രൂപങ്ങൾ ഘോഷയാത്രക്ക്​ മാറ്റുകൂട്ടി. അബാൻ ജങ്​ഷൻ, ടൗൺ, പോസ്റ്റ് ഓഫിസ് ജങ്ഷൻ വഴി ജില്ല സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ സമാപിച്ചു. സിനിമ അഭിനേതാക്കളായ നവ്യനായർ, ഉണ്ണിമുകുന്ദൻ, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ എന്നിവർ ചേർന്ന് നിലവിളക്കിൽ തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ അഡ്വ. റോഷൻ റോയ് മാത്യു, ജനറൽ കൺവീനർ ശരത് ശശിധരൻ, യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ വസന്ത് ശ്രീനിവാസൻ, ജനറൽ സെക്രട്ടറി പി.എസ്. വിപിൻ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനശേഷം സ്റ്റീഫൻ ദേവസ്യയുടെ സംഗീത വിരുന്നും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.