പാമ്പിനെ കണ്ടോ​? ഈ ഡോക്​ടറെ വിളിക്കൂ...

കോട്ടയം: മാളം വിട്ടിറങ്ങുന്ന പാമ്പുകളെ പിടികൂടാൻ വനംവകുപ്പി​ന്‍റെ ശാസ്​ത്രീയ പരിശീലനം നേടി രംഗത്തുള്ള സന്നദ്ധപ്രവർത്തകരിൽ​ ഡോക്ടറും. കോട്ടയം തിരുവാർപ്പ്​ സ്വദേശിയായ വിശാൽ സോണിയാണ്​ നാട്ടുകാരുടെ 'പാമ്പ്​ ഡോക്ടറായി' മാറിയത്​. ആയുർവേദ ഡോക്ടറായ വിശാൽ ഒരുവർഷമായി പാമ്പ്​ പിടിക്കാൻ രംഗത്തുണ്ട്​. കോട്ടയം നഗരത്തിലടക്കം ജനവാസകേന്ദ്രങ്ങളിൽ പാമ്പുകളെത്തിയാൽ ആദ്യംവിളിയെത്തുന്നവരിൽ ഒരാളാണിപ്പോൾ വിശാൽ. പാമ്പുകളോടുള്ള പേടി മാറ്റാൻ ലക്ഷ്യമിട്ടാണ്​ വനംവകുപ്പ്​ പരിശീലനത്തിൽ പ​​ങ്കെടുത്തതെന്ന്​ വിശാൽ പറയുന്നു. പരിശീലനം പൂർത്തിയായതോടെ പാമ്പിനെ പിടിക്കാൻ കഴിയുമെന്നായി. നാട്ടുകാർക്ക്​ സഹായം കൂടിയാണല്ലോയെന്ന ചിന്തയോടെ രംഗത്ത്​ സജീവമാകുകയായിരുന്നു -വിശാൽ പറയുന്നു. ഇപ്പോഴും പാമ്പുകളോടുള്ള പേടി പൂർണമായി മാറിയിട്ടില്ല. അൽപം പേടി നല്ലതാണ്​. ഇതുമൂലം കൂടുതൽ ശ്രദ്ധിക്കും. ചെറിയ അശ്രദ്ധയുണ്ടായാൽപോലും അപകടം സംഭവിക്കാം -അദ്ദേഹം പറയുന്നു. കോട്ടയം തിരുവാർപ്പ്​ കാഞ്ഞിരക്കാട്ട്​ മഠത്തിൽ വിശാൽ ഇതുവരെ 32 പാമ്പുകളെയാണ്​ പിടികൂടി വനംവകുപ്പിന്​ കൈമാറിയത്​. ഇതിൽ 11 പെരുമ്പാമ്പും പത്ത്​ മൂർഖനും ഉൾപ്പെടുന്നു. ​കോട്ടയം ജില്ലയിൽ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ പ​​ങ്കെടുത്ത്​ സർട്ടിഫിക്കറ്റ്​ സ്വന്തമാക്കിയ ആദ്യബാച്ചുകാരിൽ ഒരാളാണ്​ ഈ ഡോക്ടർ. സംസ്ഥാനതലത്തിലെ സന്നദ്ധപ്രവർത്തകരിൽ​ ഏക ഡോക്ടറും വിശാലാണെന്ന്​ സഹപ്രവർത്തകർ പറയുന്നു. സ്​നേക് ഹുക്ക്​, റെസ്​ക്യൂ ബാഗ്​ എന്നിവ ഉപയോഗിച്ചാണ്​ പാമ്പുപിടിത്തം. കൂടുതലായി വനംവകുപ്പ്​ അറിയിക്കുന്നതനുസരിച്ചാണ്​ പാമ്പുക​ളെ പിടികൂടുന്നതെന്ന്​ വിശാൽ പറയുന്നു. ഇപ്പോൾ നാട്ടുകാരടക്കം നേരിട്ട്​ വിളിക്കാറുണ്ട്. സാമൂഹികപ്രവർത്തനങ്ങളിലും സജീവമായ വിശാലിന്‍റെ പഠനം പന്തളം മന്നം ആയുർവേദ കോളജിലായിരുന്നു. വീട്​ കേന്ദ്രീകരിച്ച്​ ആയുർവേദ ചികിത്സയും നടത്തുന്നതിനൊപ്പം രക്തദാനമടക്കമുള്ള പ്രവർത്തനങ്ങളിലും സജീവമാണ്​. നാട്ടുകാരെ ഭയത്തിലാഴ്ത്തുന്ന പാമ്പുകളെ പിടികൂടിക്കഴിയുമ്പോൾ അവരുടെ മുഖത്ത്​ തെളിയുന്ന ആശ്വാസവും സ്​നേഹവും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിശാൽ പറയുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുക ലക്ഷ്യങ്ങളോടെയാണ്​ വനംവകുപ്പ്​ പരിശീലനം നൽകി സന്നദ്ധപ്രവർത്തകരെ സജ്ജമാക്കിയത്​. പാമ്പുകളുടെ സംരക്ഷണവും ബോധവത്​കരണവും ലക്ഷ്യമിട്ട്​ വനംവകുപ്പ് രൂപംനൽകിയ സർപ്പ ആപ് (സ്‍നേക് അവ‍യർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ട‍ക‍്ഷൻ ആപ്) ഉപയോഗിച്ചാണ്​ പ്രവർത്തനം. ആപ്പിൽ പരിശീലനം നേടിയവരുടെ നമ്പറും പേരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നമ്പറിൽ ഇവരുമായി ബന്ധപ്പെടാം. വിവരം ലഭിക്കുന്നമുറക്ക്​ അടുത്തുള്ള പാമ്പുപിടിത്തക്കാരൻ സഹായത്തിനെത്തും. പിടികൂടുന്ന പാമ്പിനെ ഇവർ വനംവകുപ്പിന്​ കൈമാറും. ഇവർ ഉൾവനങ്ങളിൽ ഇവയെ ഉപേക്ഷിക്കും. പടങ്ങൾ KTG SNAKE VISHAL പാമ്പിനെ പിടികൂടുന്ന വിശാൽ KTG VISHAL വിശാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.