കോട്ടയം: ജില്ലയിൽ കോഴിവില കുതിക്കുന്നു. 165 രൂപ വരെയാണ് ചൊവ്വാഴ്ചത്തെ ചില്ലറ വില. ക്രിസ്ത്യൻ സമൂഹത്തിന്റെ നോയമ്പ് സമയമായതിനാലും ചൂടു കൂടിയതിനാലും സാധാരണ മാർച്ച് മാസത്തിൽ വില കുറയുകയും പെരുന്നാളിനോടുബന്ധിച്ച് ഉയരാറുമാണ് പതിവ്. ആ പതിവുതെറ്റിച്ചാണ് ഇപ്പോഴത്തെ കുതിച്ചുകയറ്റം. ഉൽപാദനം കുറഞ്ഞതും കോഴിത്തീറ്റ വില കൂടിയതുമാണ് പുതിയ പ്രതിഭാസമെന്ന് കച്ചവടക്കാർ പറയുന്നു. സോയാബീൻ, ചോളം തുടങ്ങിയ കോഴിത്തീറ്റക്കുള്ള അസംസ്കൃത വസ്തുക്കൾ അധികവും വരുന്നത് ചൈനയിൽനിന്ന് യുക്രെയ്നിൽനിന്നുമാണ്. കോവിഡിനെതുടർന്ന് ചൈനയിൽനിന്ന് യുദ്ധം മൂലം യുക്രെയ്നിൽനിന്നുമുള്ള ഇറക്കുമതി നിലച്ചിരിക്കുകയാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കോഴിത്തീറ്റ വരുന്നത്. കോഴിത്തീറ്റ വില കൂടിയതോടെ പ്രാദേശിക ഫാമുകളിലും ഉൽപാദനം കുറഞ്ഞു. റമദാനിൽ കോഴിലഭ്യത കൂടുമെന്നും അപ്പോൾ വില കുറയുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീ ചിക്കന് താരതമ്യേന വിലക്കുറവുള്ളത് ആശ്വാസമാണ്. 148 രൂപയാണ് ചൊവ്വാഴ്ചത്തെ വില. 21 ഔട്ലെറ്റുകളാണ് ജില്ലയിലുള്ളത്. --- ഹോട്ടലുകൾ പ്രതിസന്ധിയിൽ കോവിഡ് തകർത്ത രണ്ടുവർഷത്തിനശേഷം തിരിച്ചുവരവിന്‍റെ പാതയിലാണ് ഹോട്ടലുകൾ. അതിനിടെ കോഴിയുടെ വിലക്കയറ്റം ഹോട്ടലുകളെ പ്രതിസന്ധിയിലാക്കി. കുടുംബശ്രീ ഔട്ട്ലെറ്റുകളിൽ വില കുറവാണെങ്കിലും ഇവിടെനിന്ന് ഹോട്ടലുകൾക്ക് വലിയതോതിൽ കോഴി ലഭ്യമാവുന്നില്ല. നിലവിൽ പച്ചക്കറികൾക്ക് മാത്രമാണ് വിലക്കുറവുള്ളത്. പലവ്യഞ്ജനങ്ങൾക്കും വിലകൂടി. പാമോയിൽ വിലയും ഉയർന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് 45 രൂപയുണ്ടായിരുന്ന 900 ഗ്രാമിന്‍റെ പാമോയിൽ പാക്കറ്റിന് ഇപ്പോൾ 160 രൂപയാണ് വില. 10പാക്കറ്റ് അടങ്ങിയ ഒരു ബോക്സ് എടുക്കുമ്പോൾ 1600 രൂപ നൽകണം. യുക്രെയ്നിലെ യുദ്ധമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അതൊരു മറയാണെന്നാണ് ഹോട്ടലുടമകളുടെ അഭിപ്രായം. യുക്രെയ്നിൽനിന്ന് വലിയതോതിൽ പാമോയിൽ ഇറക്കുമതിയില്ല. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കോഴിവില ഇത്തരത്തിൽ ഉയർന്നപ്പോൾ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കണ്ടതിനെ തുടർന്ന് വിപണിയിൽ ഇടപെടുകയും വിലകുറയുകയും ചെയ്തിരുന്നു. അത്തരം ഇടപെടൽ ഉണ്ടായിട്ടില്ലെങ്കിൽ വിലവർധന ഹോട്ടൽ വിപണിയെയും ബാധിക്കും. തമിഴ്നാട് ലോബിയുടെ ഇടപെടലാണ് കോഴിവില വർധനക്ക് പിന്നിലെന്നും ഹോട്ടലുടമകൾ പറയുന്നു. ------------- ഇന്ന് ജലവിതരണം മുടങ്ങും കോട്ടയം: കഞ്ഞിക്കുഴിയിൽ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദേവലോകം, മലങ്കര ക്വാർട്ടേഴ്സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ.കെ റോഡ്, സെൻട്രൽ ജങ്ഷൻ, ജില്ല ആശുപത്രി, കലക്ടറേറ്റ് എന്നിവിടങ്ങളിൽ ബുധനാഴ്ച ജല വിതരണം മുടങ്ങും. വൈകുന്നേരത്തോടുകൂടി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.