ദര്‍ശനസായൂജ്യമേകി ഏഴരപ്പൊന്നാനകള്‍

ഏറ്റുമാനൂര്‍: പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ ഏഴരപ്പൊന്നാനകളെ ദര്‍ശിച്ചും വലിയകാണിക്കയര്‍പ്പിച്ചും സായൂജ്യമടഞ്ഞു. നിലവിളക്കുകളും തീവെട്ടികളും തൂകിയ പൊൻപ്രഭയിൽ ആചാരപ്പൊലിമയോടെ ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളിച്ച ഏഴരപ്പൊന്നാനകളെ കൺകുളിർക്കെ കണ്ട്​ തൊഴുത് കാണിക്കയർപ്പിക്കാന്‍ ഭക്തര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ തടസ്സമായില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷ്യമേകാന്‍ നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ എത്തിയിരുന്നു. ആസ്ഥാന മണ്ഡപത്തില്‍ വ്യാഴാഴ്ച രാത്രി 11നായിരുന്നു ഏഴരപ്പൊന്നാന ദര്‍ശനം നടന്നത്. ഭഗവാനെ എഴുന്നള്ളിച്ച് കമനീയമായി അലങ്കരിച്ച ആസ്ഥാനമണ്ഡപത്തിലേക്ക്​ കൊണ്ടുവന്നു. പ്രത്യേക പീഠത്തിലാണ് ഭഗവാന്‍റെ തിടമ്പ്​ പ്രതിഷ്ഠിച്ചത്. ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളെ അണിനിരത്തി ദീപപ്രഭയിൽ ആയിരുന്നു ദർശനം. ആസ്ഥാനമണ്ഡപത്തിനുമുന്നിലെ തങ്കക്കുടത്തില്‍ ചെങ്ങന്നൂര്‍ വാഴാര്‍മഠം പോന്നുരുട്ടമഠത്തിലെ പ്രതിനിധി ആദ്യം വലിയ കാണിക്കയര്‍പ്പിച്ചു. തുടര്‍ന്ന്​ ഭക്തരുടെ ഊഴമായിരുന്നു. ആസ്ഥാന മണ്ഡപത്തിലെ ദര്‍ശനത്തിനുശേഷം ഏഴരപ്പൊന്നാനകളെ വലിയവിളക്കിനായി പുറത്തേക്കെഴുന്നള്ളിച്ചു. ഇനി ആറാട്ട് എതിരേൽപിനും ഏഴരപ്പൊന്നാനകള്‍ അകമ്പടിയേകും. വെള്ളിയാഴ്ചയാണ്​ പള്ളിവേട്ട. ശനിയാഴ്ച ആറാട്ടോടെ പത്തുദിവസം നീളുന്ന ഉത്സവത്തിനു പരിസമാപ്തിയാകും. രണ്ടാം ദിവസം മുതല്‍ നടന്നുവരുന്ന ഉത്സവബലി ഒമ്പതാം ദിവസമായ വെള്ളിയാഴ്ച സമാപിക്കും. മീനച്ചിലാറ്റില്‍ പേരൂര്‍ പൂവത്തുംമൂട് കടവിലാണ് ആറാട്ട്. മകള്‍ സ്ഥാനിയായ പേരൂര്‍കാവ് ഭഗവതിയെ വര്‍ഷത്തിലൊരിക്കല്‍ ഏറ്റുമാനൂരപ്പന്‍ കാണാനെത്തുന്ന ദിനംകൂടിയാണ് ആറാട്ട് നടക്കുന്ന കുംഭമാസത്തിലെ തിരുവാതിര നാള്‍. ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളുന്ന വഴി പേരൂര്‍ ചാലക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശൈവ-വൈഷ്ണവ സംഗമത്തിന്‍റെ ഭാഗമായുള്ള ഇറക്കിപൂജയും ആറാട്ടുസദ്യയും നടക്കും. രാത്രി 11.30ന് ആറാട്ട് വരവിനെത്തുടര്‍ന്ന് കൊടിയിറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.