തിങ്കളാഴ്ച വൈകീട്ട് തറവാട്ടിൽ വെച്ചായിരുന്നു സംഭവം കാഞ്ഞിരപ്പള്ളി: സ്ഥലം വിറ്റതിന്‍റെ പേരിലുള്ള തർക്കത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സഹോദരന്‍റെ വെടിയേറ്റ് വ്യവസായി മരിച്ചു. കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കരിമ്പനാൽ രഞ്ജു കുര്യനാണ് (49) മരിച്ചത്. തടസ്സം പിടിക്കാനെത്തിയ മാതൃസഹോദരനും വ്യവസായിയുമായ കൂട്ടിക്കൽ പൂച്ചക്കൽ മാത്യു സ്കറിയയെ (78) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജുവിന്‍റെ സഹോദരൻ ജോർജ് കുര്യനെ (51) കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് 4.10ഓടെ തറവാട്ടിൽ വെച്ചായിരുന്നു സംഭവം. രഞ്ജുവും ജോർജും തമ്മിൽ കാലങ്ങളായി സ്വത്തു തർക്കത്തിലായിരുന്നു. ജോർജ് കുര്യൻ മൂന്നുദിവസം മുമ്പ് കാഞ്ഞിരപ്പള്ളിയിലെ ഒരു ഹോട്ടലിലെത്തി മുറിയെടുത്ത് താമസിക്കുകയായിരുന്നു. രണ്ടരയേക്കർ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിതാവ് കുര്യനെ ജോർജ് തള്ളിയിട്ടതായി പറയുന്നു. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഊട്ടിയിലായിരുന്ന രഞ്ജു തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തുകയും ഒപ്പം പ്രശ്നപരിഹാരത്തിന് മാതൃസഹോദരൻ മാത്യു സ്കറിയയെയും വിളിച്ചു. ജോർജ് കുര്യനുമായി ചർച്ച നടക്കുന്നതിനിടെ വാക്കേറ്റം കൈയാങ്കളിയിലെത്തുകയായിരുന്നു. ഇതോടെ കൈവശം സൂക്ഷിച്ചിരുന്ന റിവോൾവർ എടുത്ത് രഞ്ജുവിനുനേരേ വെടിവെച്ചു. തടസ്സം പിടിക്കുന്നതിനിടയിൽ മാത്യു സ്കറിയക്കും വെടിയേറ്റു. ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജുവിനെ രക്ഷിക്കാനായില്ല. മാത്യുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല പൊലീസ് മേധാവി അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ജോർജ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. KTG George kurian ചിത്രം: അറസ്റ്റിലായ ജോർജ് കുര്യൻ KTG Ranju kurian രഞ്ജു കുര്യൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.