കോട്ടയത്തെ സമ്പൂര്‍ണ കുടിവെള്ള ജില്ലയാക്കും -കലക്ടർ

കോട്ടയം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിലൂടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലും കുടിവെള്ള സ്വാശ്രയത്വം ഉറപ്പുവരുത്തി ജില്ലയെ സമ്പൂര്‍ണ കുടിവെള്ള ജില്ലയാക്കി മാറ്റുമെന്ന് കലക്ടര്‍ ഡോ. പി.കെ. ജയശ്രീ. കേരള വാട്ടര്‍ അതോറിറ്റിയും ഭൂജല വകുപ്പും ജലനിധിയും കൈകോര്‍ത്ത്​ ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ നിര്‍വഹണസഹായത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടികളുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ച്​ സംസാരിക്കുകയായിരുന്നു കലക്ടര്‍. സംസ്ഥാനത്ത് ആദ്യമായി കോട്ടയത്ത് അങ്കമാലി അന്ത്യോദയ സംഘടിപ്പിച്ച ചതുര്‍ദിന പരിശീലന പരിപാടിയില്‍ 12 ഗ്രാമപഞ്ചായത്തില്‍നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഐ.എസ്.എ പ്രതിനിധികളും സംബന്ധിച്ചു. അന്ത്യോദയ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പീറ്റര്‍ തെറ്റയില്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ രാജേഷ്, കെ.ഡി. ജോസഫ്, ഗോവിന്ദ് കുമാര്‍, അനൂപ് കുര്യന്‍ തോമസ്, റോജിന്‍സ് സ്‌കറിയ എന്നിവര്‍ സംസാരിച്ചു. പി.കെ. നരേന്ദ്രദേവ്, ആല്‍വിന്‍ തോമസ്, പി.സി. ഡേവിഡ്, ഡാന്‍റീസ് കൂനാനിക്കല്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പരിശീലന പരിപാടിയുടെ മൂന്നാം ദിനമായ വെള്ളിയാഴ്ച വിവിധ മാതൃക പദ്ധതി പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. രാമപുരം, തലപ്പലം, കിടങ്ങൂര്‍, മുത്തോലി, പാറത്തോട്, കൊഴുവനാല്‍, അകലകുന്നം, വാഴൂര്‍, കങ്ങഴ, നെടുംകുന്നം, അയര്‍ക്കുന്നം, പുതുപ്പള്ളി എന്നീ 12 പഞ്ചായത്തുകളാണ് ആദ്യബാച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പടം: KTL KSSS ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കലക്ടര്‍ ഡോ. പി.കെ. ജയശ്രീ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.