ചൂട്​ കുറയാതെ കോട്ടയം

കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നയിടമായി കോട്ടയം മാറുന്നു. ബുധനാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട്​ രേഖപ്പെടുത്തിയത്​ കോട്ടയത്തായിരുന്നു; 37.8 ഡിഗ്രി സെൽഷ്യസ്. വ്യാഴാഴ്ചയും 37.8 ഡിഗ്രി സെൽഷ്യസ് തന്നെയായിരുന്നു താപനില. എന്നാൽ, ഒന്നാംസ്ഥാനമില്ലെന്ന്​ മാത്രം. പട്ടാമ്പി 37.9 ഡിഗ്രി സെൽഷ്യസുമായി ഒന്നാമതെത്തി​. കോട്ടയത്തിന്​ രണ്ടാംസ്ഥാനമാണ്​. കഴിഞ്ഞ നാലുവർഷത്തെ കണക്കനുസരിച്ച്​ ഏറ്റവും ചൂടുള്ള മാർച്ചാണ്​ ജില്ലയിൽ. മാർച്ചിൽ കോട്ടയത്ത്​ രേഖപ്പെടുത്തിയ ഉയർന്ന പകൽ താപനില കൂടിയാണിത്​. 2018-38.5, 2019- 38.5, 2020- 38.6, 2021- 38.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ്​ കഴിഞ്ഞ നാലുവർഷം മാർച്ചിൽ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്​. കഴിഞ്ഞ രണ്ടുദിവസങ്ങളിലും ഇത്​ മറികടന്നു. കോട്ടയം നഗരത്തിലെ പകൽ താപനില 38 ഡിഗ്രിക്കു​മേൽ ഉയർന്നത് ആശങ്കയോടെയാണ്​ കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം, ന്യുനമര്‍ദത്തെത്തുടര്‍ന്ന്​ മഴ പെയ്‌തേക്കാമെന്നാണ്​ പ്രവചനം. ഇതേത്തുടര്‍ന്നു പകല്‍ താപനിലയില്‍ കുറവു രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ മാസം ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍, ഈ മാസം തുടങ്ങിയശേഷം മഴ പെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31വരെയുള്ള കാലയളവില്‍ 142 ശതമാനം അധിക മഴ പെയ്തിരുന്നു. ഇത്തവണയും വേനല്‍ മഴ ശക്തമായി പെയ്യുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ നിലവിലെ പ്രവചനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.