ഗാന്ധിനഗർ(കോട്ടയം): കോട്ടയം മെഡിക്കൽ കോളജിന് അഭിമാനമായി ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂര്‍ വേലൂർ വട്ടേക്കാട്ടിൽ സുബീഷ്(40) ആശുപത്രിവിട്ടു. കരൾ പകുത്തുനൽകിയ ഭാര്യ പ്രവിജക്കൊപ്പം വ്യാഴാഴ്ച ഉച്ചക്ക് 2.45 ഓടെയായിരുന്നു മടക്കം. നേരത്തേ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആശുപത്രിയിൽ നേരിട്ടെത്തി ഇവരുമായി സന്തോഷം പങ്കിട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 7.30 ഓടെ ആശുപത്രിയിലെത്തിയ മന്ത്രി സുബീഷിന് ഡിസ്ചാർജ് സമ്മറിയും കൈമാറി. ശസ്ത്രക്രിയവിജയം വലിയൊരു നേട്ടമാണെന്നുപറഞ്ഞ മന്ത്രി വീണ ജോര്‍ജ്, മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു. ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച, പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഇവർ പറഞ്ഞു. സ്വകാര്യ മേഖലയിൽ മാത്രം നടന്നിരുന്ന ലൈവ് ഡോണർ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഇതാദ്യമായി സർക്കാർ മേഖലയിലും വിജയമായത്. ഇത് സർക്കാർ ആരോഗ്യമേഖലക്കും കോട്ടയം മെഡിക്കൽ കോളജിനും അഭിമാനനിമിഷവുമായി. ഡോക്ടർമാർ അടക്കമുള്ളവരോട് ഏറെ കടപ്പാടുണ്ടെന്നും സഹോദരൻമാരെന്നപോലെയായിരുന്നു എല്ലാവരും പെരുമാറിയതെന്നും സുബീഷും പ്രവിജയും പറഞ്ഞു. പിന്നീട് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് ആശുപത്രിക്ക് സമീപത്തെ വാടകവീട്ടിലേക്ക് മാറിയത്. 30 ദിവസംകൂടി നിരീക്ഷണത്തിൽ തുടരേണ്ടതിനാലാണ് ഇവർ ആശുപത്രിക്ക് സമീപത്തുതന്നെ താമസിക്കുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി. ജയകുമാർ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർ.എം.ഒ ഡോ. ആർ. പി. രഞ്ചിൻ, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ആർ.രതീഷ് കുമാർ, ഡോ.രാജേഷ് എന്നിവരും യാത്രയാക്കാൻ എത്തിയിരുന്നു. ഫെബ്രുവരി 14നായിരുന്നു 12 മണിക്കൂർ നീണ്ട കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കരൾ നൽകിയ പ്രവിജയെ ഫെബ്രുവരി 23ന് ഡിസ്ചാർജ് ചെയ്തിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ രണ്ടാമത്തെ ശസ്ത്രക്രിയയായിരുന്നു ഇത്. ആദ്യത്തേത് പൂർണവിജയമായിരുന്നില്ല. --പടം DP--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.