കോട്ടയം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നു എന്നാരോപിച്ച് നഗരസഭ ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യനെ എൽ.ഡി.എഫ് അംഗങ്ങള്‍ ചേംബറില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 1.45നാണ് സംഭവം. വികസന കാര്യങ്ങൾക്ക് ചെയർപേഴ്സന്റെ ഇഷ്ടക്കാരുടെ വാർഡുകളിലേക്ക് മാത്രം പണം അനുവദിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇക്കാര്യം ഉന്നയിച്ചു ചേംബറിലെത്തിയ 21 എൽ.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സനെ തടഞ്ഞുവെക്കുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടുകയും മുദ്രാവാക്യംവിളി തുടരുകയും ചെയ്തു. വിവരമറിഞ്ഞ് യു.ഡി.എഫ് കൗൺസിലർമാർ എത്തിയെങ്കിലും മുറി പൂട്ടിയതിനാൽ അകത്തുകയറാനായില്ല. ഇതോടെ നഗരസഭയില്‍ സംഘര്‍ഷാവസ്ഥയായി. സംഭവമറിഞ്ഞ് വെസ്റ്റ് പൊലീസും സ്ഥലത്തെത്തിയതോടെ മുറി തുറന്നു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ ചേംബറിനകത്ത് വാക്കേറ്റവും ബഹളവുമുണ്ടായി. വാട്ടർ അതോറിറ്റിയിലും ഇലക്ട്രിസിറ്റിയിലും അറ്റകുറ്റപ്പണിക്ക് നഗരസഭ ഫണ്ട് കെട്ടിവെക്കേണ്ടതുണ്ട്. വാട്ടർ അതോറിറ്റിയിൽ 1.20 കോടിയും ഇലക്ട്രിസിറ്റി വകുപ്പിൽ 88 ലക്ഷവും കെട്ടിവെച്ചു. എന്നാൽ, ഇതെല്ലാം നാല് കൗൺസിലർമാരുടെ മാത്രം വാർഡിലേക്കാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ ആരോപിച്ചു. ചെയർപേഴ്സൻ, സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, ബി.ജെ.പിയുടെ വിനു ആർ.മോഹൻ എന്നിവർക്കുമാത്രമാണ് ഫണ്ട് അനുവദിച്ചത്. എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് പണം അനുവദിച്ചിട്ടില്ല. ഏകാധിപത്യവും പക്ഷപാതിത്വവും നിറഞ്ഞതാണ് ഭരണം. പടിഞ്ഞാറൻ മേഖല കുടിവെള്ളക്ഷാമം മൂലം ദുരിതം അനുഭവിക്കുമ്പോഴും അവഗണിക്കുന്നു എന്ന് ഷീജ അനിൽ പറഞ്ഞു. എന്നാൽ, ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നത് എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്കാണെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ പ്രതിരോധിച്ചു. സ്ഥലം മാറ്റിയ സെക്രട്ടറിക്കുപകരം ആളെ തന്നിട്ടില്ലെന്നും സർക്കാറാണ് ഇപ്പോഴത്തെ വികസന മുരടിപ്പിന് കാരണമെന്നും വൈസ് ചെയർമാൻ കുറ്റപ്പെടുത്തി. ഒരു മണിക്കൂറിലേറെ നീണ്ട വാക്കേറ്റത്തിനുശേഷം മൂന്നോടെയാണ് പ്രതിഷേധം അവസാനിച്ചത്. വരും ദിവസങ്ങളില്‍ സമരം ശക്തമായി തുടരുമെന്നും ഷീജ പറഞ്ഞു. തുടർന്ന് നഗരസഭക്കുമുന്നിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധയോഗം ചേർന്നു. വിവേചനം കാണിച്ചിട്ടില്ല -ചെയർപേഴ്സൻ എൽ.ഡി.എഫ് മുന്നറിയിപ്പില്ലാതെ കടന്നുവന്ന് സ്ത്രീയായ തന്നെ പൂട്ടിയിടുകയായിരുന്നു. ഇത് അനീതിയാണ്. ആരോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാവർക്കും തുല്യപരിഗണന നൽകിയിട്ടുണ്ട്. ഫണ്ടില്ലാതെ പണി മുടങ്ങുന്നതിന് സർക്കാറാണ് ഉത്തരവാദി. സെക്രട്ടറിയില്ലാത്തതിനാൽ ഭരണപരമായ കാര്യങ്ങൾ ഇഴയുകയാണ്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കെതിരെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രതികരിക്കും. തന്നെ പൂട്ടിയിട്ടതിനെതിരെ പൊലീസിന് പരാതി നൽകും -ചെയർപേഴ്സൻ പടം: DP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.