എം.ജി കൈക്കൂലി: മറ്റാർക്കും പങ്കില്ല; മറ്റൊരു വിദ്യാർഥിയിൽനിന്ന്​ പണം വാങ്ങിയതായി കണ്ടെത്തൽ

കോട്ടയം: എം.ബി.എ വിദ്യാർഥിയിൽനിന്ന്​ എം.ജി സർവകലാശാല ​​ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന്​ സിൻഡിക്കേറ്റ്​ അന്വേഷണസമിതിയുടെ റിപ്പോർട്ട്. സെക്ഷൻ അസിസ്റ്റന്‍റായ സി.ജെ. എൽസി സ്വന്തംനിലയിലാണ്​ പണം വാങ്ങിയത്​. ഇത്​ മറ്റ്​ ജീവനക്കാരുമായി പങ്കിട്ടതായി കണ്ടെത്താനായിട്ടില്ല. സി.ജെ. എൽസിക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്​. സംഭവത്തിൽ എം.ബി.എ സെക്​ഷൻ ഓഫിസർക്ക്​ വീഴ്ചപറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ്​ സെക്​ഷൻ ഓഫിസർ എം.ബി.എ വിഭാഗത്തിലെത്തുന്നത്​. തന്‍റെ ചുമതലയിലുള്ള ഓഫിസിലെ അപാകതകൾ അദ്ദേഹം ശ്രദ്ധിച്ചില്ല. ഇത്​ വീഴ്ചയാണ്​. ഇതിൽ അദ്ദേഹത്തിനെതിരെ നടപടിക്കും സമിതി ശിപാർശ നൽകി​. എൽസി മറ്റ്​ മൂന്ന്​ വിദ്യാർഥികളിൽനിന്ന്​ പണം വാങ്ങിയതായുള്ള സൂചനകളും റിപ്പോർട്ടിലുണ്ട്​. ഒരു മാസത്തിനുള്ളിൽ ഡിഗ്രി സർട്ടിഫിക്കറ്റ്​ നൽകാമെന്ന് പറഞ്ഞ് ഒരു എം.ബി.എ വിദ്യാർഥിയിൽനിന്ന് 75,000 രൂപ വാങ്ങിയതായി സംശയിക്കുന്നു. രണ്ടുതവണയായി പണം നൽകിയതായി വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്​. എന്നാൽ, ഇതിന് തെളിവ് ലഭിച്ചിട്ടില്ല. രണ്ട് വിദ്യാർഥികളുടെ മാർക്ക്​ ലിസ്റ്റിൽ തിരുത്തൽ വരുത്തിയതായും സംശയിക്കുന്നുണ്ട്. ഇതിന് പണം വാങ്ങിയിട്ടില്ലെന്നാണ് സൂചന. ഈ മാർക്ക് ലിസ്റ്റുകൾ നൽകിയിട്ടുമില്ല. ഇവയടക്കം എൽസി കൈകാര്യം ചെയ്തതിൽ സംശമുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വീണ്ടും പരിശോധിക്കണം. എം.ബി.എ മേഴ്സി ചാൻസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നതിൽ കാലതാമസമുണ്ടായതിൽ ബന്ധപ്പെട്ട സെക്​ഷനോട് വിശദീകരണം തേടണമെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 15 നിർദേശങ്ങളും വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ടിൽ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. സിൻഡിക്കേറ്റ്​ അംഗങ്ങളായ ഹരികൃഷ്ണൻ, ഡോ. ബി. കേരളവർമ, ഡോ. എ. ജോസ്, ഡോ. ഷാജില ബീവി എന്നിവരടങ്ങിയ സമിതിയാണ്‌ അന്വേഷണം നടത്തിയത്​. കോവിഡ്​ ബാധിതനായ വൈസ്​ ചാൻസലർ മടങ്ങിയെത്തിയശേഷം റിപ്പോർട്ട്​ സിൻഡിക്കേറ്റ്​ യോഗത്തിൽ ചർച്ച ചെയ്ത്​ തുടർനടപടി സ്വീകരിക്കും. എം.ബി.എ വിദ്യാർഥിയിൽനിന്ന്​ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ്​ ചെയ്ത എൽസി റിമാൻഡിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.