കോട്ടയം: പച്ചപ്പുല്ല് ക്ഷാമം രൂക്ഷമായിരിക്കെ, ക്ഷീരകർഷകരെ ചൂഷണം ചെയ്ത് സ്വകാര്യ കാലിത്തീറ്റ കമ്പനികൾ. മാസങ്ങളുടെ ഇടവേളക്കിടെ വീണ്ടും കാലിത്തീറ്റ വിലയിൽ വർധന. കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കെ.എസ്. കാലിത്തീറ്റയുടെ വില 1445 രൂപയായിട്ടാണ് വർധിപ്പിച്ചത്. നേരത്തേ 50 കിലോ ചാക്കിന് 1380 രൂപയായിരുന്നു. കനത്തചൂടിൽ പുല്ലുകളെല്ലാം കരിഞ്ഞുനിൽക്കുന്നതിനാൽ കാലിത്തീറ്റയാണ് ഭൂരിപക്ഷം കർഷകരുടെയും ആശ്രയം. ഇതിനിടെയാണ് വില വർധിപ്പിച്ചുള്ള കമ്പനികളുടെ ചൂഷണം. പുല്ല് ദൗർലഭ്യമുള്ളതിനാൽ വില ഉയർത്തിയാലും വാങ്ങാതിരിക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. മറ്റ് മാർഗമില്ലാത്തതിനാൽ വാങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് കമ്പനികൾ വില കൂട്ടിയതെന്ന് കർഷകർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലിത്തീറ്റയെ മാത്രം ആശ്രയിച്ചാണ് സംസ്ഥാനത്തെ ഭൂരിപക്ഷംപേരും പശുപരിപാലനം നടത്തുന്നത്. കാലിത്തീറ്റക്കൊപ്പം ഗോതമ്പ് ഉമിയടക്കമുള്ളവക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഒരു കിലോ ഗോതമ്പിന് 26 രൂപ വിലയുള്ളപ്പോൾ, എഴുപത് ശതമാനം പോഷകങ്ങളും നീക്കിയശേഷം വിതരണം ചെയ്യുന്ന ഗോതമ്പ് ഉമിക്ക് 22 രൂപയാണ് ഈടാക്കുന്നത്. പിണ്ണാക്ക് വിലയും വർധിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ വേസ്റ്റായി വരുന്ന ഗോതമ്പ് ഉമിയുടെ പേരിൽ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ് പറഞ്ഞു. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതുമൂലം പാലിന്‍റെ അളവിൽ വലിയ കുറവും, കന്നുകാലികളുടെ രോഗപ്രതിരോധശേഷി ഇല്ലാതാകുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള കാലിത്തീറ്റ കർഷകർക്ക് ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ സംസ്ഥാനത്ത് കാലീത്തീറ്റ ഉൽപാദിപ്പിക്കുന്നതടക്കമുള്ളവ പരിഗണിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഉൽപാദനച്ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ക്ഷീര കർഷകർ പാടുപെടുമ്പോഴാണ് കാലിത്തീറ്റ വില വർധന. ബാങ്കുകളിൽനിന്ന് എടുത്ത വായ്പ തുക തിരിച്ചടയ്ക്കാൻ കഴിയാതെ പലരും ബുദ്ധിമുട്ടുകയാണ്. റബർ വിലയിടിവിനെ തുടർന്ന് ജില്ലയിലടക്കം നിരവധിപേർ ക്ഷീരമേഖലയിലേക്ക് എത്തിയിരുന്നു. ഇവർക്ക് പുതുസാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാലിത്തീറ്റക്ക് ആവശ്യക്കാരേറിയതും ഇന്ധന വില വർധനയുമാണ് വില വർധനക്ക് കാരണമായി കമ്പനികൾ പറയുന്നത്. കാലിത്തീറ്റ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷീര മേഖലയിലേക്ക് കൂടുതൽ കർഷകർ എത്തിയതോടെ കാലിത്തീറ്റക്ക് ആവശ്യക്കാർ ഏറി. മിൽമ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് കൊഴുപ്പിന്‍റെ അടിസ്ഥാനത്തിൽ 33 രൂപ മുതൽ 38 രൂപ വരെയാണ് നൽകുന്നത്. കാലിത്തീറ്റയുടെ വില വർധനക്ക് ആനുപാതിമായി പാലിന് വില കൂട്ടി നൽകിയാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂവെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റ ചാക്കിന് 700 ഉള്ള സമയത്തും പാലിന് 33 രൂപയായിരുന്നുവെന്ന് കർഷകർ പറയുന്നു. ചാണകത്തിന് പഴയപടി ആവശ്യക്കാർ ഇല്ലാത്തതും കർഷകരെ വലക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.